വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ എം.എല്‍.എയുടെ ആപ്
text_fieldsവെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിലെ വിദ്യാർഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താനും കുട്ടിയുടെ പഠനപ്രക്രിയയില്‍ രക്ഷാകർത്താക്കളെക്കൂടി ഉള്‍പ്പെടുത്താനും ലക്ഷ്യമിട്ട് ഡി.കെ. മുരളി എം.എല്‍.എയുടെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാകുന്നു.
എം.എല്‍.എയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ മണ്ഡലത്തിലെ എല്ലാ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷാകർത്താക്കളെയും കൂട്ടിയോജിപ്പിച്ചുള്ള സമഗ്ര വിദ്യാഭ്യാസ സൗഹൃദപദ്ധതിയാണ് എം.എല്‍.എ എജുകെയര്‍. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ കീഴിലുള്ള എല്‍.ടു. ലാബ്സിന്റെ സഹായത്തോടെ വികസിപ്പിച്ച സ്റ്റുഡന്റ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെയാണ് പദ്ധതി സാധ്യമാക്കുന്നത്.
രക്ഷാകർത്താക്കള്‍ക്കും കുട്ടികള്‍ക്കും എം.എല്‍.എയുമായി നേരിട്ട് സംവദിക്കാനും നിർദേശങ്ങള്‍ അറിയിക്കാനുമുള്ള സൗകര്യങ്ങളുള്ള പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കല്ലറ ഗവ. വി.എച്ച്.എച്ച്.എസില്‍ നിര്‍വഹിക്കും.
കുട്ടിയുടെ ഹാജര്‍നിലയും രക്ഷാകർത്താവിന് നേരിട്ട് പരിശോധിക്കാം. ഹാജരെടുക്കുമ്പോള്‍ കുട്ടി ക്ലാസിലെത്തിയിട്ടില്ലെങ്കില് 30 സെക്കൻഡിനുള്ളില്‍ അറിയിപ്പെത്തും. ക്ലാസ് ടെസ്റ്റുകളുടെയും പരീക്ഷകളുടെയും മാര്‍ക്കുകള്‍ അധ്യാപകര്‍ ആപിലേക്ക് നല്‍കും. അധ്യാപകരും രക്ഷാകർത്താവും തമ്മില്‍ കുട്ടിയുടെ പഠനകാര്യങ്ങളില്‍ ആശയവിനിമയം നടത്താനും കഴിയും. വിദേശരാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ആക്സിലറേറ്റഡ് റീഡിങ് എന്ന സംവിധാനവും മറ്റൊരു പ്രത്യേകതയാണ്.
ഇതിനോടകം പദ്ധതിയുടെ ഭാഗമായി ടാലന്റ് ഹണ്ട് എന്ന പേരില്‍ ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. കല്ലറ ഗവ. വി.എച്ച്.എച്ച്.എസില്‍ നടന്ന പരിപാടിയില്‍ മണ്ഡലത്തിലെ ഇരുനൂറോളം വിദ്യാർഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ എല്‍.പി വിഭാഗത്തില്‍ ജി.എല്‍.പി.എസ് പാങ്ങോട്, യു.പി വിഭാഗത്തില്‍ സെന്റ് ജോസഫ് യു.പി.എസ് പേരയം, ഹൈസ്കൂള്‍ വിഭാഗത്തില്‍ ജി.ബി.എച്ച്.എസ്.എസ് മിതൃമ്മല, ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ എസ്.കെ.വി എച്ച്.എസ്.എസ് നന്ദിയോട് എന്നീ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ ഒന്നാം സമ്മാനത്തിനര്‍ഹരായി.
പരിപാടി ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ജെ. ലിസി, വൈസ് പ്രസിഡന്റ് നജിംഷാ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ് ആതിര, പ്രിന്‍സിപ്പൽ മാലി ഗോപിനാഥ്, പ്രഥമാധ്യാപകന് കെ. ഷാജഹാന്, പാലോട് എ.ഇ.ഒ. ഷീജ, ബി.ആര്.സി കോഓഡിനേറ്റര്‍ എസ്.ബൈജു, ആര്. ഷിബു, ജി. വിജയന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.