മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ ആത്മഹത്യ ഭീഷണി; മുള്‍മുനയിലായി നാട്
text_fieldsവെഞ്ഞാറമൂട്: വെമ്പായത്ത് നാടിനെ മുള്‍മുനയില്‍ നിര്‍ത്തി മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ ആത്മഹത്യ ഭീഷണി. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും മൂന്ന് മണിക്കൂര്‍ പരിശ്രമിച്ച് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് അറുതിയായത്.
വെള്ളിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വെമ്പായം മദപുരം ഈട്ടിമൂട് സജീല മന്‍സിലില്‍ ഷാജഹാനാണ് (38) ആത്മഹത്യ ശ്രമം നടത്തിയത്. മാതാവിനെയും സഹോദരിയെയും പുറത്താക്കി അനുജന് ഷഹീറിനെ തടഞ്ഞുവെച്ചു. വീട് അകത്തുനിന്ന് പൂട്ടി ദേഹത്ത് പെട്രോളൊഴിച്ചശേഷം ലൈറ്ററുമായി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.
അയല്‍വാസികൾ അനുനയശ്രമം നടത്തി. ഫലമില്ലാത്തതോടെ വെഞ്ഞാറമൂട് പൊലീസിലും അഗ്നിശമനസേനയിലും വിവരമറിയിച്ചു. പൊലീസും ഇയാളുമായി സംസാരിച്ചെങ്കിലും പുറത്തിറക്കാനായില്ല.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ യുവാവുമായി സംസാരിക്കുന്നതിനിടെ മുന്‍വാതില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് പൊളിച്ച് യുവാവിനെ കീഴ്പ്പെടുത്തി. അഗ്നിശമനസേന വെള്ളം ചീറ്റി ലൈറ്റര്‍ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്തി. യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ മനോരോഗാശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.