പുനരുജ്ജീവന പദ്ധതി ആരംഭിച്ചില്ല; വാമനപുരം നദിയിലെ നീരൊഴുക്ക് ദുര്‍ബലമായി
text_fieldsവെഞ്ഞാറമൂട്: വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് തീരം കവിഞ്ഞൊഴുകുകയും വേനല്‍ക്കാലത്ത് നീരൊഴുക്ക് ദുര്‍ബലമാകുകയും ചെയ്യുന്ന വാമനപുരം നദിയുടെ പതിവ് രീതിക്ക് ഇക്കുറിയും മാറ്റമില്ല. ജനുവരി ആദ്യത്തോടെ ജലനിരപ്പ് കുത്തനെ താഴ്ന്നു.
നദിയെ ആശ്രയിച്ചുള്ള ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനം താളം തെറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വാമനപുരം, പോത്തന്‍കോട്, നെടുമങ്ങാട് ബ്ലോക്ക് പരിധികളിലും വര്‍ക്കല, ആറ്റിങ്ങല്‍ നഗരസഭ പ്രദേശങ്ങളിലും, പുളിമാത്ത് പഞ്ചായത്ത് പരിധിയിലുമാണ് പ്രധാനമായും നദിയെ ആശ്രയിച്ചുള്ള ജല വിതരണം. ജല വിതരണ വകുപ്പ് ആറ്റിങ്ങല്‍ ഡിവിഷനാണ് പദ്ധതിയുടെ നടത്തിപ്പുകാര്‍.
ജില്ലയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സാണ് വാമനപുരം നദി. 1300 ഘന അടിയാണ് ജല സമ്പത്ത്. ഇതില്‍ നിന്ന് 800 ഘന അടി ജലം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താമെന്ന് നേരത്തേ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. അര നൂറ്റാണ്ടുമുമ്പ് കൂടുതല്‍ പഠനങ്ങള്‍ക്കായി ഒരു സംഘത്തെ നിയോഗിച്ച് 10 വര്‍ഷത്തോളം ഒരു ഓഫിസ് പ്രവര്‍ത്തിക്കുകയും ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്തെന്നല്ലാതെ ഒരു പ്രയോജനമുണ്ടായില്ല.
അനധികൃത മണലെടുപ്പ്, വജ്രഖനനം, തീരത്തെ മുളമുറിച്ചുകടത്തല്, തോട്ട പൊട്ടിച്ചുള്ള മീന്‍ പിടിത്തം, വേനല്‍ക്കാലത്ത് നദിയിലെ അപൂര്‍വയിനം ഗ്രാനൈറ്റ് കടത്തല്‍, മാലിന്യം തള്ളല്‍ തുടങ്ങിയ കാര്യങ്ങള്‍ നിർബാധം തുടർന്ന നദിയുടെ സ്വാഭാവിക രീതിക്ക് കോട്ടം തട്ടുകയും ചെയ്തു. വാമനപുരം നദി പുനരുജ്ജീവനത്തിനായി പദ്ധതി പ്രഖ്യാപനമുണ്ടായെങ്കിലും തുടർ നടപടികളുണ്ടായില്ല. വിവിധ വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.
മേജര്‍ ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 25.50 കോടി രൂപ ചെലവില്‍ ആറ് ചെക്ക് ഡാമുകള്‍ നിർമിക്കൽ, 4.78 കോടി രൂപ ചെലവില്‍ 15 സ്ഥലങ്ങളിലെ മണ്ണ് നീക്കം ചെയ്യൽ, 23 കോടി ചെലവില്‍ 39 സ്ഥലങ്ങളില്‍ നദിയുടെ വശങ്ങള് ബലപ്പെടുത്തൽ, 12.55 കോടിക്ക് 50 കുളിക്കടവുകള്‍ വികസിപ്പിക്കുന്നത് എന്നിവയാണ് പരാമര്‍ശിച്ചത്.
മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ 57.28 കോടി രൂപ ചെലവില്‍ 247 തോടുകള്‍ നവീകരിക്കൽ, 21.58 കോടി ചെലവില്‍ 120 കുളങ്ങളുടെ നവീകരണം, 3.70 കോടിക്ക് 31 തടയണ പുനരുദ്ധരിക്കൽ, 4.06 കോടി ചെലവില്‍ 44 തടയണ നിർമിക്കൽ എന്നിവയാണ് പരാമര്‍ശം. നാട്പാക് ആറു കോടി രൂപ ചെലവില്‍ ഏഴ് കടവ്, 1.48 കോടിക്ക് നദിയിലെ മണ്ണ് നീക്കം ചെയ്യൽ, 23.79 കോടി ചെലവില്‍ നടപ്പാത നിർമാണം, 25 കോടിക്ക് അഞ്ച് സ്ഥലങ്ങളില്‍ പാര്‍ക്കുകളും പാലങ്ങളും, 18.63 കോടി രൂപ ചെലവില്‍ കടവുകളുടെ വികസനം, രണ്ട് കോടിക്ക് ഇരിപ്പിടവും പവിലിയനുകളും സ്ഥാപിക്കൽ, 5.54 കോടി ചെലവില്‍ ലോവര്‍ മീന്മുട്ടി ഹൈഡല്‍ ടൂറിസം വികസന പദ്ധതി, 20 കോടി രൂപ മുടക്കി പാലോടിനു സമീപം ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍ സ്ഥാപിക്കൽ എന്നീ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്.
10.95 കോടി രൂപയുടെ ജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളാണ് പാലോട് ബൊട്ടാണിക്കല്‍ ഗാര്ഡന് നിര്‍ദേശിച്ചത്. ഭൂഗര്‍ഭ ജലവകുപ്പ് 100 പൊതു സ്ഥലങ്ങളില്‍ മൂന്നരക്കോടി രൂപ ചെലവില്‍ കൃത്രിമ ഭൂജല പോഷണത്തിനും മൂന്നുകോടി രൂപ ചെലവില്‍ 50 ചെറുകിട കുടിവെള്ള പദ്ധതികള്‍ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികളാണ് നിർദേശിച്ചത്. പദ്ധതി പ്രഖ്യാപനം വന്ന് ഒന്നര വര്‍ഷം പിന്നിട്ടെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. നദിയുടെ ശോച്യാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.