ഈ വിദ്യാലയങ്ങൾക്ക് പറയാനുണ്ട് നൂറ്റാണ്ടുകളുടെ കഥ
text_fieldsവെഞ്ഞാറമൂട്: നവാഗതരെ വരവേൽക്കാനൊരുങ്ങുന്ന സ്‌കൂളുകളുടെ കൂട്ടത്തില്‍ വെഞ്ഞാറമൂട് മേഖലയില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാനാവുന്നവയും. പല സ്‌കൂളുകളുടെയും പിറവി വീടുകളുടെ പിന്നാമ്പുറങ്ങളും ചായ്പുകളുമായിരുന്നു.
മാണിക്കല്‍ പഞ്ചായത്തിലെ പാറയ്ക്കല്‍ എല്‍.പി സ്‌കൂളിന് 103 വര്‍ഷത്തെ പാരമ്പര്യമാണുള്ളത്. പാറയ്ക്കല്‍ രാമക്കുറുപ്പെന്നയാളായിരുന്നു സ്ഥാപകന്‍. പതിവിന് വിരുദ്ധമായി അന്നദ്ദേഹം അവര്‍ണ വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്കും കൂടി പ്രവേശനം നല്‍കുക വഴി അക്കാലത്തെ സവര്‍ണ വിഭാഗക്കാരില്‍നിന്നും ഒട്ടേറെ തിക്താനുഭങ്ങള്‍ നേരിടേണ്ടിവന്നു. പല സവര്‍ണ വിഭാഗത്തില്‍പെട്ട കുട്ടികളും സ്‌കൂളില്‍നിന്നും ടി.സി വാങ്ങി പോവുകപോലുമുണ്ടായി. ഇദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയായിരുന്നു സ്‌കൂളിന്റെ പ്രവര്‍ത്തനം. പിന്നീടാണ് സ്‌കൂള്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് മാറിയത്.
തുടര്‍ന്ന് നാലാം ക്ലാസും 28 വര്‍ഷങ്ങള്‍ക്ക് ശേഷം അഞ്ചാം ക്ലാസും ആരംഭിച്ചു. പിന്നീട് സി.പി. രാമസ്വാമി അയ്യര്‍ ദിവാനായിരുന്ന കാലത്ത് മാനേജ്‌മെന്റ് സ്കൂളുകള്‍ സർക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി രാമക്കുറുപ്പ് തുടങ്ങിവെച്ച സ്‌കൂള്‍ പാറയ്ക്കല്‍ ഗവ. യു.പി സ്‌കൂളായി പരിണമിച്ചു. 1902ല്‍ കൊപ്പം ഗൗരീ വിലാസത്തില്‍ മാധവന്‍ പിള്ളയുടെ വീടിനോട് ചേര്‍ന്നുള്ള കളിയിലിലാണ് ഇന്ന് കൊപ്പം ഗവ. എല്‍.പി സ്‌കൂളെന്ന് അറിയപ്പെടുന്ന വിദ്യാലയത്തിന്റെ തുടക്കം. പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഒന്നാം ക്ലാസ് മാത്രമാണുണ്ടായിരുന്നത്. 1908 ആയപ്പോഴേക്കും ആണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം നൽകി. അടുത്തവര്‍ഷം സമീപവാസിയായ മാരിമുത്ത് ചെട്ടിയാര്‍ 50 സെന്റ് സ്ഥലം സ്‌കൂളിനായി സർക്കാറിന് വിട്ടുകൊടുത്തു.
1911ല്‍ ഇവിടെ കെട്ടിടം പണിയുകയും സ്‌കൂള്‍ ഇങ്ങോട്ടേക്ക് മാറ്റുകയും ചെയ്തു. മേഖലയില്‍ ഏറ്റവും പഴക്കമുള്ളത് പിരപ്പന്‍കോട് എല്‍.പി സ്‌കൂളിനാണ്. 165 വർഷങ്ങള്‍ക്ക് മുമ്പ് വടക്കതില്‍ വീട്ടില്‍ ഒരു ആശാന്‍ നിലത്തെഴുത്തും വായനയും കണക്കുകൂട്ടലും മാത്രം അഭിസ്യപ്പിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് പിരപ്പന്‍കോട് ഗവ.എല്‍.പി സ്‌കൂളായി പരിണമിച്ചത്.
1895ല്‍ വാമനപുരത്ത് ആരംഭിച്ച സ്‌കൂളാണ് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന വാമനപുരം യു.പി സ്‌കൂള്‍. വാമനപുരം പുത്തന്‍വീട്ടില്‍ രാഘവന്‍ പിള്ളയാണ് സ്ഥാപകന്‍. 1946ല്‍ ഒരു ചക്രം പ്രതിഫലം വാങ്ങി ഇദ്ദേഹം സ്‌കൂള്‍ തിരുവിതാംകൂര്‍ സര്‍ക്കാറിന് വിട്ടുനൽകി. കല്ലറ പഞ്ചായത്തിലെ അരുവിപ്പുറം സ്‌കൂളിനും നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1920ല്‍ മുതുവിള വേലുവാധ്യാരാണ് സ്‌കൂള്‍ ആരംഭിച്ചത്. മംഗ്ലാവില്‍ നാരായണ പിള്ളയുടെ വീട്ടിലായിരുന്നു പ്രവര്‍ത്തനം. പിന്നീട് മറ്റൊരിടത്തേക്ക് മാറ്റി. 1947ല്‍ സ്‌കൂള്‍ സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.