വെട്ടുറോഡ് -തിരുവല്ലത്തെം ഇന്നർ റിങ് റോഡ്: കരട് മാസ്റ്റർ പ്ലാന് അംഗീകാരം
text_fieldsതിരുവനന്തപുരം: കഴക്കൂട്ടത്ത് വെട്ടുറോഡിനെയും തിരുവല്ലത്തെയും ബന്ധിപ്പിച്ച് ഇന്നർ റിങ് റോഡ് നിർമിക്കണമെന്ന് നഗരത്തിനായി കോർപറേഷൻ തയാറാക്കിയ കരട് മാസ്റ്റർ പ്ലാനിൽ നിർദേശം.
വെട്ടുറോഡിൽ നിന്നാരംഭിച്ച് നരിക്കൽ- ചേങ്കോട്ടുകോണം- ഞാണ്ടൂർക്കോണം- പൗഡിക്കോണം- മണ്ണന്തല- കുടപ്പനക്കുന്ന്- വഴയില- നെട്ടയം- തോപ്പുമുക്ക്- നമ്പവൻകാവ്-കുണ്ടമൺകടവ്- പാങ്ങോട്- തൃക്കണ്ണാപുരം- വെള്ളായണി- കൈമനം- മരുതൂർക്കടവ് എന്നി സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് ഇന്നർ റിങ് റോഡ് നിർദേശിച്ചിരിക്കുന്നത്.
ചെങ്കൽച്ചൂള, വിഴിഞ്ഞം, ചാക്ക ഫയർ സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കണം. അട്ടക്കുളങ്ങര ജങ്ഷന് സമീപം പുതിയ പ്രധാന ഫയർ സ്റ്റേഷനും നേമം സബ് രജിസ്ട്രാർ ഓഫിസ് കോമ്പൗണ്ടിൽ പുതിയ ഫയർ സ്റ്റേഷനും ചാല, ഉള്ളൂർ എന്നിവിടങ്ങളിൽ ഫയർ സബ് സ്റ്റേഷനുകളോ മിനി ഫയർ സ്റ്റേഷനുകളോ സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് കരട് മാസ്റ്റർ പ്ലാൻ ഭരണസമിതി മുന്നോട്ടുവെച്ചത്. അന്താരാഷ്ട്ര വിമാനത്താവളം കൂടുതൽ സ്ഥലം കണ്ടെത്തി വികസിപ്പിക്കണം.
ഓവർ ബ്രിഡ്ജ് ജങ്ഷൻ, സ്റ്റാച്യു, പാളയം വി.ജെ.ടി ഹാളിന് മുൻവശം, ടെക്നോപാർക്ക്, മെഡിക്കൽ കോളജ്, ഓൾ സെയിന്റ്സ് കോളജ്, ജനറൽ ആശുപത്രി, ആയുർവേദ കോളജ്, തമ്പാനൂർ, കരമന, പാപ്പനംകോട്, പേരൂർക്കട, കഴക്കൂട്ടം ജങ്ഷനുകളിൽ കാൽനടമേൽപാലം നിർദേശിച്ചിട്ടുണ്ട്. പട്ടം, ഉള്ളൂർ, ശ്രീകാര്യം, കഴക്കൂട്ടം, തമ്പാനൂർ, പേരൂർക്കട, സ്റ്റേഷൻ കടവ്, കൊച്ചുവേളി എന്നിവിടങ്ങളിൽ ഫ്ലൈഓവറുകളും നിർദേശിച്ചിരിക്കുന്നു.
അതേസമയം കരട് മാസ്റ്റർ പ്ലാൻ പഠിക്കാനുള്ള സമയം ലഭിച്ചില്ലായെന്നും കൗൺസിലർമാരുടെ ആശങ്കകൾ മാറ്റിയാലേ ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ജനപ്രതിനിധികൾക്ക് സാധിക്കൂവെന്നും പി. പത്മകുമാർ ചൂണ്ടിക്കാട്ടി.
പാർവതി പുത്തനാർ വാട്ടർ ട്രെയിൻ പദ്ധതി, വേളി -വിഴിഞ്ഞം റെയിൽവേ പദ്ധതി, ഈഞ്ചക്കൽ ബസ് ടെർമിനൽ പദ്ധതി എന്നിവയും സമ്പൂർണ ഡ്രൈനേജ് പദ്ധതി, സമ്പൂർണ കുടിവെള്ള പദ്ധതി, കൂട്ടിച്ചേർത്ത പഞ്ചായത്തുകളിലെ സമഗ്രവികസനം എന്നിവയും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റോഡ് വികസനം, വൈദ്യുതീകരണം മുതലായ കാര്യങ്ങളിൽ കൃത്യമായ വിവരം കരടിൽ ലഭ്യമായിട്ടില്ലെന്ന് ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ ആരോപിച്ചു. കൗൺസിലർമാർക്ക് അവരവരുടെ വാർഡുകളിലെ മാസ്റ്റർ പ്ലാൻ വിവരങ്ങൾ കൃത്യമായി ഉറപ്പാക്കാൻ ഭരണസമിതി മുൻകൈയെടുക്കണമെന്ന് കൗൺസിലർ തിരുമല അനിൽ പറഞ്ഞു.
കഴിഞ്ഞ തവണത്തെ മാസ്റ്റർ പ്ലാനിന്‍റെ ഫലമായി കാട്ടായിക്കോണത്ത് പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് ആശങ്കക്ക് സാഹചര്യമൊരുക്കരുതെന്ന് കൗൺസിലർ ഡി. രമേശൻ പറഞ്ഞു. നഗരത്തിൽ വികസനം നടക്കുന്നതോടൊപ്പം ദുരന്തങ്ങളുണ്ടാകാതെ മുന്നോട്ട് പോകുന്ന രീതിയാണ് മാസ്റ്റർ പ്ലാനിലുള്ളതെന്ന് മേയർ ആര്യ രാജേന്ദ്രൻ മറുപടി നൽകി. തുടർന്ന് കരട് മാസ്റ്റർ പ്ലാൻ ഭരണസമിതി പാസാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.