ബറ്റാലിയൻ ഉദ്യോഗസ്ഥരെ തെരുവുനായ്ക്കളോട് ഉപമിച്ച് വിഡിയോ; മൂന്ന് പൊലീസുകാർക്കെതിരെ അന്വേഷണം
text_fieldsതിരുവനന്തപുരം: പൊലീസ് ബറ്റാലിയൻ ഉദ്യോഗസ്ഥരെ തെരുവുനായ്ക്കളോട് ഉപമിച്ച് വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. നാലു ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റേഞ്ച് െഎ.ജി ഹർഷിത അട്ടല്ലൂരി കൊല്ലം സിറ്റി വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒക്ക് നിർദേശം നൽകി.
കൊല്ലം സിറ്റി എ.ആറിൽ വർക്കിങ് അറേഞ്ച്മെൻറിൽ ജോലി ചെയ്യുന്ന സി.പി.ഒ ശ്രീജിത്ത്, ഗ്രേഡ് എ.എസ്.െഎ ചന്ദ്രബാബു, ഡ്രൈവർ സി.പി.ഒ വിനോദ് എന്നിവർക്കെതിരെ ആംഡ് പൊലീസ് ബറ്റാലിയൻ ഡി.െഎ.ജിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊല്ലം സിറ്റി പൊലീസിലെ ചില ഒാഫിസർമാർ 'കാവൽ കരുനാഗപ്പള്ളി' എന്ന പേരിൽ വിഡിയോ നിർമിച്ച് വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചെന്നും അതിൽ സേനാംഗങ്ങളെ തെരുവുനായ്ക്കളായി ഉപമിച്ചെന്നുമാണ് റിപ്പോർട്ട്. പട്രോളിങ് ഡ്യൂട്ടിക്ക് പോകുകയായിരുന്ന പൊലീസ് സംഘം ഒരു വീടിന് മുന്നിൽ വലിയൊരു തെരുവുനായ്ക്കൂട്ടത്തെ കാണുന്നു. ആ നായ്ക്കളെ ബറ്റാലിയൻ അംഗങ്ങളെ വിവിധയിടങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് പോലെയായിരുന്നു വിഡിയോ.
കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച് എ.സി മുഖേന നടത്തിയ അന്വേഷണത്തിൽ ആരോപണവിധേയരായ മൂന്ന് ഉദ്യോഗസ്ഥരാണ് വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടേത് ഗുരുതര കുറ്റമാണെന്നും മാപ്പർഹിക്കാത്തതാണെന്നുമാണ് ഡി.െഎ.ജിയുടെ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.