പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണം അനിവാര്യം -മന്ത്രി
text_fieldsതിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധത്തില്‍ ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണം.
തീവ്രമായതോ നീണ്ടുനില്ക്കുന്നതോ ആയ എല്ലാ പനി ബാധകള്‍ക്കും വൈദ്യസഹായം തേടണം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ മറ്റ് വൈറല്പ്പനികളില്നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാതെ വരികയോ വൈകുകയോ ചെയ്യാം. അതിനാല്‍ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഡെങ്കിപ്പനി എങ്ങനെ തിരിച്ചറിയാം?
പെട്ടെന്നുള്ള കനത്ത പനിയാണ് ഡെങ്കിയുടെ പ്രധാന ലക്ഷണം. തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. അതിശക്തമായ മേലവേദന, വയറുവേദന, കണ്ണിന് പുിന്നില് വേദന, ശരീരത്തില്‍ ചുവന്ന നിറത്തിലെ പാടുകള്‍ പ്രത്യക്ഷപ്പെടുക എന്നിവയും ചിലരില്‍ കാണപ്പെടുന്നു.
ശക്തമായ വയറുവേദന, ശ്വാസതടസം, മൂത്രം പോകുന്നതില്‍ പെട്ടെന്നുണ്ടാകുന്ന കുറവ്, അപസ്മാര ലക്ഷണങ്ങള്‍, മഞ്ഞപ്പിത്തം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാകൽ, മലം കറുത്ത നിറത്തില്‍ പോവുക എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ അടിയന്തിരമായി ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തണം. രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ധാരാളം വെള്ളം കുടിക്കണം
ചെറിയ പനി വന്നാല്‍ പോലും ധാരാളം പാനീയങ്ങള്‍ കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം, കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, പഴങ്ങള്‍, പഴസത്ത് എന്നിവ നല്‍കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ക്ഷീണം അകറ്റാനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും പാനീയങ്ങള്‍ സഹായിക്കും.
ഡ്രൈ ഡേ ആചരിച്ച് കൊതുകിനെ തുരത്താം
കൊതുകില്‍നിന്ന് രക്ഷനേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ സംരക്ഷണ മാര്‍ഗം. വീടും സ്ഥാപന പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയാക്കുമ്പോഴും കൊതുകിന്റെ കടിയേല്‍ക്കാതെ ലേപനങ്ങള്‍ പുരട്ടുകയോ ശരീരം പൊതിയുന്ന വസ്ത്രങ്ങള്‍ ധരിക്കുകയോ വേണം. രാവിലെയും വൈകുന്നേരങ്ങളിലും ജനലുകളും വാതിലുകളും അടച്ചിടണം.
അടച്ചിടുന്നതിനുമുമ്പ് വീടിന്റെ അകം പുകക്കുന്നത് ഉള്ളിലെ കൊതുകുകളെ പുറത്താക്കാന്‍ സഹായിക്കും. കൊതുകിന്റെ സാന്ദ്രത കൂടുതലുള്ള ഇടങ്ങളില്‍ ജനാലകളും വാതിലുകളും വല ഉപയോഗിച്ച് സംരക്ഷിക്കണം.
- കെട്ടിടങ്ങളുടെ അകത്തും പുറത്തും മേല്കൂരകളിലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവ വലിച്ചെറിയാതെ നശിപ്പിക്കുകയോ വെള്ളം കെട്ടിനില്‍ക്കാതെ കമഴ്ത്തിവെക്കുകയോ ചെയ്യണം.
- വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന് അടിയില്‍ വെള്ളം നില്ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ഇവ ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കണം.
- വെള്ളംവെക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചുസൂക്ഷിക്കണം.
- പനിയുള്ളവര്‍ കൊതുകുകടി ഏല്‍ക്കാനുള്ള സാധ്യത പരമാവധി കുറക്കണം.
- പനിയുള്ളപ്പോള്‍ കുട്ടികളെ പ്ലേ സ്കുളുകളിലും അംഗൻവാടികളിലും സ്കൂളുകളിലും അയക്കരുത്.
- പനി പടരുന്നതിനാല്‍ അനാവശ്യമായ ആശുപത്രി സന്ദര്‍ശനം പരമാവധി ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.