വിളപ്പിൽശാല; ബദലിനായുള്ള കാത്തിരിപ്പിന് ഒന്നര പതിറ്റാണ്ടായിട്ടും നടപടിയില്ല
text_fieldsതിരുവനന്തപുരം: ജനകീയ പ്രതിഷേധത്തെ തുടർന്ന് 2011ൽ വിളപ്പിൽശാല മാലിന്യസംസ്കരണ ഫാക്ടറി അടച്ചുപൂട്ടി 14 വർഷം കഴിഞ്ഞിട്ടും ബദൽ സംവിധാനമില്ലാതെ തലസ്ഥാനനഗരം.
കോർപറേഷൻ പരിധിയിലെ മാലിന്യസംസ്കരണത്തിന് എ.ഡി.ബിയുടെത് ഉൾപ്പെടെ കോടികളുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടും പരിഷ്കൃത സംവിധാനം ഒന്നും വന്നില്ല. തുടർന്ന് പൈപ്പ് കമ്പോസ്റ്റും ഉറവിട മാലിന്യ സംസ്കരണത്തിനായി കിച്ചൻബിന്നും മറ്റും കൊണ്ടുവന്നെങ്കിലും ലക്ഷങ്ങൾ ഒഴുകിയതല്ലാതെ ഒന്നും ശാശ്വതമായില്ല.
ഇന്നും നഗരത്തിലെ ജൈവ- അജൈവ മാലിന്യ സംസ്കരണം പ്രതിസന്ധിയിലാണ്. സ്മാർട്ട് സിറ്റി അടക്കം നൂതന സാങ്കേതിക മാറ്റങ്ങളിലേക്ക് തലസ്ഥാന നഗരം മാറുമ്പോഴും ശാശ്വതമായൊരു മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തത് വലിയ വീഴ്ചയെന്നുതന്നെയാണ് നഗരവാസികൾ കുറ്റപ്പെടുത്തുന്നത്. മലിന്യസംസ്കരണം തദ്ദേശസ്ഥാപനങ്ങളുടെ പ്രഥമ ഉത്തരവാദിത്തമാണെങ്കിലും അതിൽ നിന്നെല്ലാം ഒഴിഞ്ഞ് എല്ലാം ജനത്തിന് മേൽ ഏൽപിച്ച് കോർപറേഷൻ തടിയൂരുകയാണ്. ഏറ്റവും ഒടിവിൽ ഹരിത കർമസേനവഴി പ്ലാസ്റ്റിക് മാലിന്യ ശേഖരണം 100 വാർഡുകളിലും നടക്കുന്നുണ്ടെങ്കിലും ജൈവ മാലിന്യ സംസ്കരണത്തിന്റെ കാര്യം കോർപറേഷൻ മിണ്ടുന്നില്ല.
നേരത്തെ ജൈവമാലിന്യം കൂടി ഹരിത കർമസേന ശേഖരിച്ചുവന്നെങ്കിലും മുന്നറിയിപ്പ് ഇല്ലാതെ അത് നിർത്തി. പലവീട്ടുകാരും വലിയ പ്രതിസന്ധിയിലാണ് ജൈവമാലിന്യ സംസ്കരണ കാര്യത്തിൽ. ചില സ്വകാര്യ ഏജൻസികൾ മാസം 300 രൂപനിരക്കിൽ പന്നിഫാമിലേക്ക് എന്ന പേരിൽ വീടുകളിൽനിന്ന് ജൈവമാലിന്യ ശേഖരിക്കുന്നതാണ് അവർക്ക് ഏക ആശ്വാസം.
നഗരത്തിൽ ശാശ്വതമായ മാലിന്യ സംസ്കരണ സംവിധനം ഇല്ലാത്തതാണ് പ്രധാനമായും ജനങ്ങൾ മാലിന്യം നിരത്തിൽ വലിച്ചെറിയാൻ കാരണമെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു.
കേരളത്തിലെ ആകെ നഗരഖരമാലിന്യ ഉത്പാദനം പ്രതിവർഷം 3.7 ദശലക്ഷം ടൺ ആണ്. ഇതിൽ ഓരോ സിറ്റി കോർപറേഷനും ഉത്പാദിപ്പിക്കുന്നത് പ്രതിദിനം ശരാശരി 1415 ടൺ ആണ്. ദിനംപ്രതി 4523 ടൺ നഗരസഭകളിലും 4106 ടൺ 941 ഗ്രാമ പഞ്ചായത്തുകളിലുമാണ്. ഇവ സംസ്കരിക്കാൻ ഒരു മോഡൽ പ്ലാന്റ് സർക്കാർ സംവിധാനത്തിൽ കേരളത്തിൽ ഒരിടത്തും ഇല്ലാത്തത് വലിയ പരാജയവുമാണ്. എല്ലാ പകർച്ച വ്യാധികളുടെയും നാടായി തലസ്ഥാന നഗരവും ഇപ്പോൾ മാറുകയാണ്. ഇത് കാര്യക്ഷമമായൊരു മാലിന്യ സംസ്കരണം ഇല്ലാത്തതിന്റെ അഭാവമാണെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.