മരപ്പട്ടിയെ കൊന്നു കറിവെച്ചു; വിളവൂർക്കൽ സ്വദേശി പിടിയിൽ
text_fieldsനേമം: മരപ്പട്ടിയെ കൊന്ന് കറിവെച്ച സംഭവത്തിൽ വിളവൂർക്കൽ സ്വദേശിയെ പരുത്തിപ്പള്ളി വനപാലകർ പിടികൂടി. വിളവൂർക്കൽ ചിറയിൽ പുത്തൻവീട്ടിൽ അമ്പിളി (50) ആണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മലയം മണലിവിള ഭാഗത്തായിരുന്നു സംഭവം.
മലയം ഭാഗത്ത് പണി പൂർത്തിയായി വരുന്ന ഇയാളുടെ വീടിന് സമീപത്ത് കെണിവെച്ചശേഷം മരപ്പട്ടിയെ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്ത് എത്തുമ്പോൾ അമ്പിളി ഇറച്ചി ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ സംഭവസ്ഥലത്തു നിന്നുതന്നെ പിടികൂടി.
ഒരു സുഹൃത്ത് മുഖാന്തരമാണ് കെണി ഒരുക്കുന്നതിനുള്ള കൂട് നിർമിച്ചതെന്ന് പ്രതി സമ്മതിച്ചു. കെണിവെക്കാൻ ഉപയോഗിച്ച കൂട്, പാത്രങ്ങൾ, ഇറച്ചിയുടെ അവശിഷ്ടങ്ങൾ, ആയുധങ്ങൾ എന്നിവ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന മരപ്പട്ടികളെ പിടികൂടുന്നതും കൊന്ന് കറിവെക്കുന്നതും രണ്ടുവർഷം മുതൽ ആറുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പരുത്തിപ്പള്ളി ഡെപ്യൂട്ടി റേഞ്ചർ സുനിൽ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആർ. രഞ്ജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ശനിയാഴ്ച നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.