ചട്ടലംഘനം; തിരുവനന്തപുരം ജില്ലയിൽ 14 സ്വകാര്യ നിധി ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
text_fieldsതിരുവനന്തപുരം: മാർഗനിർദേശങ്ങളും ചട്ടങ്ങളും ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ പ്രവർത്തിക്കുന്ന 14 സ്വകാര്യ നിധി ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയം റദ്ദാക്കി. കമ്പനികൾ തുടങ്ങാൻ വിവിധ വ്യക്തികൾ നൽകിയ ആറ് അപേക്ഷകളും റദ്ദാക്കി.
കവടിയാറിലെ അനന്തപത്മനാഭ നിധി ലിമിറ്റഡ്, കേശവദാസപുരത്തെ അമല പോപുലർ നിധി ലിമിറ്റഡ്, കാട്ടാക്കട അഡോഡിൽ നിധി ലിമിറ്റഡ്, ശ്രീകണ്ഠേശ്വരത്ത് പ്രവർത്തിക്കുന്ന അമൃതശ്രീ നിധി ലിമിറ്റഡ്, ആറ്റിങ്ങൽ ഡി.ആർ.കെ ഇന്ത്യ നിധി ലിമിറ്റഡ്, നെയ്യാറ്റിൻകരയിലെ ജി.എൻ.എൽ നിധി ലിമിറ്റഡ്, അഞ്ചൽ കൈപ്പള്ളിയിലുള്ള കൈപ്പള്ളി അപ്സര നിധി ലിമിറ്റഡ്, പാളയം മേരി മാത പോപുലർ നിധി ലിമിറ്റഡ്, നെയ്യാറ്റിൻകരയിലെ നെയ്യാറ്റിൻകര നിധി ലിമിറ്റഡ്, പട്ടം എൻ.എസ്.എം മർചന്റസ് ഇന്ത്യ നിധി ലിമിറ്റഡ്, കവടിയാർ റെനീനെറ്റ് ആൻഡ് ടിച്ചി നിധി ലിമിറ്റഡ്, തിരുവനന്തപുരം മാതൃഭൂമി റോഡിലെ റിവോ അർബർ നിധി ലിമിറ്റഡ്, കേശവദാസപുരം ജ്യോതി നഗറിലെ വി.വി.സി മർചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, ധനുവച്ചപ്പുരത്തെ സഹസ്രാർദന സുരക്ഷ നിധി ലിമിറ്റഡ് കമ്പനികളുടെ ലൈസൻസാണ് ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് റദ്ദാക്കിയത്.
നിധി റൂൾസിലെ 3A, 23A, 23B നിയമങ്ങൾ അനുസരിച്ച് ജില്ലയിൽ ലൈസൻസിനായി എൻ.ഡി.എച്ച് -4 അപേക്ഷ നൽകിയ ആറ് സ്ഥാപനങ്ങളുടെ അപേക്ഷകളാണ് മതിയായ രേഖകളില്ലാത്തതിനാൽ തള്ളിയത്. കഴക്കൂട്ടം ഗംഗ ടവറിലെ ജെറി നിധി ലിമിറ്റഡ്, കിളിമാനൂർ തന്മയ ആർക്കേഡിലെ കിളിമാനൂർ നിധി ലിമിറ്റഡ്, തൃക്കണ്ണാപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ദിവിജ നിധി ലിമിറ്റഡ്, കരമന സസ്ന ട്രിനിറ്റി നിധി ലിമിറ്റഡ്, കോട്ടൺ ഹിൽ ശോഭ കോംപ്ലക്സിലെ എം.ഐ.ജി ഗ്രാമീൻ നിധി ലിമിറ്റഡ്, തിരുമലയിലെ ട്രാവൻകൂർ അർബൻ നിധി ലിമിറ്റഡ് എന്നിവയുടെ അപേക്ഷകളാണ് നിരസിച്ചത്.
ആവശ്യമായ രേഖകളില്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്വകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക തട്ടിപ്പിനും ചതിക്കും വഴിവെക്കുമെന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അഭ്യർഥിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് 537 ധനകാര്യ സ്ഥാപനങ്ങളെയാണ് ഇത്തരത്തിൽ പൊലീസും സംസ്ഥാന സർക്കാറും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിൽ മാത്രം 131 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.