സമൃദ്ധിയുടെ നിറവിൽ ഇന്ന് വിഷു
text_fieldsകത്തുന്ന നിലവിളക്കിന് മുന്നിൽ കൊന്നപ്പൂക്കളും ഓട്ടുരുളിയിൽ കണിവെള്ളരിയും ഫലങ്ങളുമെല്ലാം നിരത്തി വീടുകളിൽ കണിയൊരുക്കും
തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും നന്മയുടെയും പ്രതീക്ഷകളും സമൃദ്ധിയുടെ സന്ദേശവുമായി നാടും നഗരവും വിഷുപ്പുലരിയിലേക്ക്. കാർഷികസമൃദ്ധിയുടെ പോയകാല സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകൂടിയാണ് വിഷു പങ്കുവെക്കുന്നത്.
കണിയൊരുക്കിയും കൈനീട്ടം നൽകിയും സദ്യവിളമ്പിയും പടക്കം പൊട്ടിച്ചും നാട് വിഷുവിനെ നെഞ്ചേറ്റും.
കത്തുന്ന നിലവിളക്കിന് മുന്നിൽ കൊന്നപ്പൂക്കളും ഓട്ടുരുളിയിൽ കണിവെള്ളരിയും ഫലങ്ങളുമെല്ലാം നിരത്തി വീടുകളിൽ കണിയൊരുക്കും. കണി കണ്ടുകഴിഞ്ഞാൽ കൈനീട്ടവും പിന്നെ സദ്യവട്ടവും. തുടർന്നാണ് പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമുള്ള ആഘോഷങ്ങൾ.
വിഷുത്തലേന്ന് കണിയൊരുക്കാനുള്ള സാധനങ്ങൾ വാങ്ങുന്നതിനായി തിരക്കായിരുന്നു എവിടെയും. നാട്ടിടങ്ങളില്നിന്ന് കൃഷി അപ്രത്യക്ഷമായതോട പതിവുപോലെ ഇക്കുറിയും കമ്പോളങ്ങളാണ് ‘സമൃദ്ധി’യിലായത്. വിപണികളിലെല്ലാം അഭൂതപൂര്‍വ തിരക്കായിരുന്നു. കൊന്നപ്പൂ വിൽക്കാനെത്തുന്നവർ നഗരത്തിൽ എല്ലായിടത്തെയും പൊതുകാഴ്ചയായിരുന്നു. കണിവെള്ളരി തുടങ്ങിയവ ഉന്തുവണ്ടിയിലടക്കം എത്തിച്ചായിരുന്നു വില്പന.
ചിലയിടങ്ങളില്‍ ഇതിനായി പ്രത്യേകം സ്റ്റാളുകളുമുണ്ടായിരുന്നു. പച്ചക്കറി വിപണിയും സജീവമായിരുന്നു. പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുമാണ് മറ്റ് വിപണികള്‍ ആളുകളെ ആകര്‍ഷിക്കുന്നത്. തുണിക്കടകളിലും നല്ല തിരക്കായിരുന്നു. നിത്യോപയോഗസാധനങ്ങളുടെ പൊള്ളുംവില സാധാരണക്കാരന്റെ ആഘോഷങ്ങളെ നേരിയതോതിലെങ്കിലും ബാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.