അസൗകര്യങ്ങളിൽ വീർപ്പുമുട്ടി വിതുര ഹോമിയോ ആശുപത്രി
text_fieldsവിതുര: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി മലയോരത്തെ പ്രധാന ആരോഗ്യകേന്ദ്രമായ വിതുര ഹോമിയോ ആശുപത്രി. സ്വന്തമായി കെട്ടിടം നിർമിക്കുമെന്ന അധികാരികളുടെ ഉറപ്പ് പാഴ്വാക്കായി തുടരുന്നു. പൊന്മുടി പാതയിൽ കെ.പി.എസ്.എം ജങ്ഷനിലെ അസൗകര്യം നിറഞ്ഞ വാടകക്കെട്ടിടത്തിലാണ് വർഷങ്ങളായി പ്രവർത്തിക്കുന്നത്.
ഇടുങ്ങിയ മുറികളിലാണ് പരിശോധനയും മരുന്നുവിതരണവും. അവശ്യമരുന്നുകൾ സുരക്ഷിതമായി സൂക്ഷിക്കാനോ രോഗികൾക്ക് വിശ്രമിക്കാനോ ഇവിടെ ഇടമില്ല. ആദിവാസി-തോട്ടം മേഖലകളിൽനിന്ന് കുട്ടികളുൾപ്പെടെ നിരവധി പേരാണ് ദിവസവും ചികിത്സക്കായി എത്തുന്നത്.
അസൗകര്യങ്ങളിൽ പ്രവർത്തിക്കുമ്പോഴും മരുന്നുവിതരണവും മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ പരിപാടികളുമടക്കം പ്രവർത്തനങ്ങൾ മുടങ്ങാതെ നടക്കുന്നുണ്ട്. പേപ്പാറ റോഡിൽ കെ.പി.എസ്.എം വായനശാലയോടുചേർന്ന പഞ്ചായത്തുവക സ്ഥലത്ത് ആശുപത്രിക്കെട്ടിടം നിർമിക്കാൻ തീരുമാനിച്ചിട്ട് വർഷങ്ങളായി.
ആദ്യഘട്ടം 51 ലക്ഷം രൂപ അനുവദിച്ചു. ഒന്നരവർഷം മുമ്പ് മണ്ണിടിച്ച് മാറ്റിയെങ്കിലും തുടർനടപടിയായില്ല. ഒ.പി കൗണ്ടർ, പരിശോധനാമുറി, ഫാർമസി, വിശ്രമകേന്ദ്രം എന്നീ സൗകര്യങ്ങളുൾപ്പെടെ രണ്ടുനിലകളിലായി കെട്ടിടം നിർമിക്കാനായിരുന്നു തീരുമാനം. പദ്ധതിക്കായുള്ള സ്ഥലം ഇപ്പോൾ കാടുകയറിയ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.