വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ്: ഭൂമി നൽകിയവർ തെരുവിലേക്ക്
text_fieldsതിരുവനന്തപുരം: വിട്ടുകൊടുത്ത ഭൂമിക്കും കെട്ടിടങ്ങൾക്കും ന്യായമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആരോപിച്ച് വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമി വിട്ടുനൽകിയവരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതി തെരുവിലേക്ക്. വിട്ടുകൊടുക്കുന്ന കെട്ടിടങ്ങൾക്കും നിർമിതികൾക്കും കാലപ്പഴക്കം അനുസരിച്ച് വില നിർണയിക്കുന്നതിനെ എതിർത്താണ് ഇവർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
2022 ഒക്ടോബറിൽ ഭൂമി ഏറ്റെടുക്കാനുള്ള മൂന്ന് എ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. 2023 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 11 വില്ലേജുകളിലെ വസ്തു ഉടമകളിൽനിന്ന് ആധാരങ്ങൾ ഉൾപ്പെടെ രേഖകൾ ഏറ്റുവാങ്ങി. ന്യായമായ തുക നഷ്ടപരിഹാരമായി നൽകുമെന്ന വാഗ്ദാനത്തോടെയായിരുന്നു ഭൂമി ഏറ്റെടുക്കൽ. നടപടിക്രമങ്ങളുടെ ഒരു ഘട്ടത്തിലും എത്ര തുകയാണ് വസ്തുവിനും കെട്ടിടങ്ങൾക്കും നൽകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഉടൻ നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തു. ഇത് വിശ്വസിച്ച് വീടും വസ്തുവും നഷ്ടപ്പെടുന്ന പലരും പലിശക്ക് കടമെടുത്ത് വസ്തുവും വീടും വാങ്ങാൻ മുൻകൂർ തുക നൽകി. കരാർ കാലാവധിക്കുള്ളിൽ ഇടപാട് നടക്കാത്തതിനാൽ പലരും കടക്കെണിയിൽ പെട്ടു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് മാസങ്ങളോളം അധികൃതരിൽനിന്ന് വിശദീകരണമൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് രണ്ട് മാസം മുമ്പ് നഷ്ട പരിഹാരം സംബന്ധിച്ച മാനദണ്ഡങ്ങളുടെ വിശദാംശം പുറത്തുവന്നത്. കുറഞ്ഞ തുക മാത്രമേ ലഭിക്കൂ എന്നറിഞ്ഞതോടെയാണ് ഇവർ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.
മാനദണ്ഡം കാലപ്പഴക്കം
ഔട്ടർ റിങ് റോഡിനു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുകൾക്കും മറ്റു നിർമിതികൾക്കും കാലപ്പഴക്കം കണക്കാക്കി മൂല്യം കുറക്കാനാണ് നീക്കം. നിലവിൽ ഭൂമി ഏറ്റെടുക്കലിന്റെ അവസാന ഘട്ടമായ മൂന്ന് ഡി വിജ്ഞാപനം വരെയെത്തിയതോടെ കെട്ടിടങ്ങൾക്കു വില നിശ്ചയിച്ചപ്പോൾ കാലപ്പഴക്കം കണക്കാക്കിയിട്ടില്ല. നഷ്ടപരിഹാരം നൽകുന്നതിനു മുൻപ് കാലപ്പഴക്കം അടിസ്ഥാനമാക്കി വില കുറക്കാനാണ് തീരുമാനം.
11 വില്ലേജുകളിലായി 100 ഹെക്ടർ ഭൂമിയിലാണ് ‘മൂന്ന് ഡി’ വിജ്ഞാപനം പൂർത്തിയായത്. രണ്ട് വർഷം മുൻപത്തെ വിജ്ഞാപനമായ ‘3 എ’ പ്രസിദ്ധീകരിച്ച തീയതി കണക്കാക്കിയാണ് വില കണക്കാക്കുക.
നഷ്ടപരിഹാരത്തുകയും മൂന്ന് എ വിജ്ഞാപനം ഇറങ്ങിയ ദിവസം മുതലുള്ള 12 ശതമാനം പലിശയും ഭൂവുടമകൾക്ക് ലഭിക്കും. മുൻപു മൂന്ന് എ വിജ്ഞാപനം പ്രസിദ്ധീകരിച്ചെങ്കിലും മൂന്ന് ഡി വിജ്ഞാപനം വരെ എത്താത്ത 12 വില്ലേജുകളുണ്ട്.
ചൊവ്വാഴ്ച ദേശീയപാത മേഖല ഓഫിസ് ധർണ
തിരുവനന്തപുരം: വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിന് വേണ്ടി സ്ഥലം വിട്ടുനിൽകിയവർ സമരത്തിലേക്ക്. ചൊവ്വാഴ്ച രാവിലെ 10ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ചാക്കയിലെ നാഷനൽ ഹൈവേ അതോറിറ്റി മേഖല ഓഫിസിനു മുന്നിലാണ് കൂട്ട ധർണ. ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വില കണക്കാക്കി നഷ്ടപരിഹാരം ഉടൻ അനുവദിക്കുക, കെട്ടിടങ്ങളുടെയും നിർമിതികളുടെയും കാലപ്പഴക്കം പരിഗണിച്ച് നഷ്ടപരിഹാര തുക നിർണയിക്കാനുള്ള തീരുമാനം റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.