വിഴിഞ്ഞം തുറമുഖം: രണ്ട് ജില്ലകളെ ബന്ധിപ്പിച്ച് വ്യാവസായിക സാമ്പത്തിക വളർച്ച മുനമ്പ് പദ്ധതി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന് അനുബന്ധമായി തിരുവനന്തപുരം, കൊല്ലം ജില്ലകളെ ഉൾപ്പെടുത്തിയുള്ള ‘വിഴിഞ്ഞം-കൊല്ലം-പുനലൂർ വ്യവസായിക സാമ്പത്തിക വളർച്ച മുനമ്പ് പദ്ധതി’ക്ക് കിഫ്ബിയുടെ അനുമതി. ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകളുടെ സംയോജനത്തിലൂടെ സംസ്ഥാനത്തിന്റെ തെക്കൻ മേഖലയെ ഊർജ്ജസ്വലമായ വ്യവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
രണ്ട് ജില്ലകളിലെ തീരപ്രദേശങ്ങളെയും മലയോര മേഖലയെയും മധ്യ മേഖലയെയും പ്രധാന റോഡ്-റെയിൽ ഇടനാഴികൾ വഴി വ്യവസായ ഇടനാഴിയുടെ ഭാഗമാക്കും. കമീഷനിങ്ങിന് സജ്ജമായിക്കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയെന്നതാണ് പദ്ധതി സങ്കൽപ്പം.
ചരക്കുകൈമാറ്റം സുഗമമാക്കുംവിധം തുറമുഖത്തിന്റെ പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടുന്ന വ്യാവസായിക ഇടനാഴിയാണ് സ്ഥാപിക്കുക. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് വിഭാവനം ചെയ്യുന്ന പദ്ധതി കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.
പ്രധാന ഹൈവേകൾക്കും റെയിൽ ശൃംഖലകൾക്കും സമീപമുള്ള പ്രദേശത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന ഒരു ‘സ്മാർട്ട് ഇൻഡസ്ട്രിയും ആവാസ വ്യവസ്ഥയുമാണിത്. സാധ്യതാ പഠനങ്ങൾ, ഫണ്ടിങ്, വ്യവസായ സ്ഥാപനങ്ങളും ഉടമസ്ഥരുമായുള്ള കരാറുകൾ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ഘട്ടം ഘട്ടമായുള്ള സമീപനമാണ് പദ്ധതിക്കായി സ്വീകരിക്കുക.
മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരമ്പരാഗത ഭൂമി എടുക്കൽ രീതികൾക്കപ്പുറമുള്ള ലാൻഡ് പൂളിങ്, പൊതു-സ്വകാര്യ പങ്കാളിത്തം, നേരിട്ട് വാങ്ങൽ, ഭൂമി കൈമാറ്റം തുടങ്ങിയ നൂതന രീതികളിലുടെ ഭൂമി ഏറ്റെടുക്കും. കൂടാതെ ഇടനാഴികളിൽ പ്രത്യേക സാമ്പത്തിക മേഖലകൾ പ്രഖ്യാപിക്കുകയും ചെയ്യും.
വികസന മേഖലകളെ ബന്ധിപ്പിക്കാൻ ഗതാഗത ഇടനാഴികൾ
വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ച ഇടനാഴിക്കുള്ളിലെ വിവിധ വികസന മേഖലകൾ ബന്ധിപ്പിക്കുന്നതിന് ഗതാഗത ഇടനാഴികൾ പ്രധാനമാണ്. വിഴിഞ്ഞം-കൊല്ലം ദേശീയ പാത, കൊല്ലം-ചെങ്കോട്ട ദേശീയപാത, പുതിയ ഗ്രീൻഫീൽഡ്, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുനലൂർ-നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിവയാണ് ഈ വളർച്ച മുനമ്പിന്റെ മൂന്ന് വശങ്ങൾ.
പദ്ധതി പ്രദേശത്തിനുള്ളിലെ തിരുവനന്തപുരം ഔട്ടർറിങ് റോഡും വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിന് കരുത്തേകുമെന്നാണ് കിഫ്ബിയുടെ വിലയിരുത്തൽ. ഗതാഗത ഇടനാഴികളുടെ വികസനം സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക്കുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
ഭാവിയിൽ ഈ ഇടനാഴി കൊല്ലത്തുനിന്നും ആലപ്പുഴ വഴി കൊച്ചിയിലേക്കും, പുനലൂർ നിന്ന് പത്തനംതിട്ടയിലേക്കും എം.സി റോഡ് വഴി കോട്ടയത്തേക്കും ബന്ധിപ്പിച്ച് മധ്യകേരളത്തിലേക്ക് വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
വികസനത്തിനുള്ള പ്രധാന മേഖലകൾ
- വിഴിഞ്ഞം നോഡ്: തുറമുഖത്തേക്ക് നേരിട്ട് പ്രവേശനമുള്ള അന്താരാഷ്ട്ര വ്യാപാരത്തിനുള്ള കവാടമായി പ്രവർത്തിക്കും
- കൊല്ലം അർബൻ സെന്റർ നോഡ്: നിലവിലെ വ്യവസായങ്ങളെ ഗതാഗത ശൃംഖലകളുമായി ബന്ധിപ്പിക്കും
- പുനലൂർ നോഡ്: പുനരുപയോഗ ഊർജ വ്യവസായങ്ങളുടെ കേന്ദ്രമായി മാറും
- പള്ളിപ്പുറം - ആറ്റിങ്ങൽ- വർക്കല, പാരിപ്പള്ളി-കല്ലമ്പലം, നീണ്ടകര-കൊല്ലം, കൊല്ലം-കുണ്ടറ, കുണ്ടറ-കൊട്ടാരക്കര, അഞ്ചൽ-ആയൂർ, നെടുമങ്ങാട്-പാലോട് തുടങ്ങിയവയും ഉൾപ്പെടും
മേഖല തിരിച്ചുള്ള വികസനം ഇങ്ങനെ
- തനതു വ്യവസായങ്ങളെ ഏഴ് പ്രധാന മേഖലകളായി തിരിച്ചുള്ള വ്യവസായ ഇടനാഴിയുടെ ഭാഗമാക്കിയിട്ടുണ്ട്.
- സമുദ്രോത്പന്ന ഭക്ഷ്യ സംസ്കരണവും കയറ്റുമതിയും
- കാർഷികാധിഷ്ഠിത വ്യവസായങ്ങൾ
- ഐടി-ഐ.ടി.ഇ.എസ്-ബഹിരാകാശ മേഖല:
- ഗതാഗതവും ലോജിസ്റ്റിക്സും
- പുനരുപയോഗ ഊർജം
- അസംബ്ലിംഗ് യൂണിറ്റുകൾ
- മെഡിക്കൽ ടൂറിസം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.