വിഴിഞ്ഞം തുറമുഖം; നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും -മന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. ചുറ്റുമതിൽ നിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചർച്ചകൾ നടന്നു. കുരിശ് മാറ്റി സ്ഥാപിക്കുന്ന കാര്യം ഫിഷറീസ് മന്ത്രിയടക്കം പങ്കെടുത്ത യോഗത്തിൽ ചർച്ച ചെയ്തു.
പകരം സ്ഥലം നൽകിയാൽ മറ്റ് തടസമില്ലെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. തുറമുഖത്തിന്റെ ആദ്യഘട്ട നിർമാണം ഡിസംബറിൽ പൂർത്തീകരിക്കാനാണ് നിർദേശിച്ചത്.
നിർമാണ പശ്ചാത്തലത്തിൽ തീരശോഷണം സംഭവിച്ചിട്ടുണ്ടോ എന്ന് പഠിക്കാൻ നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ട് പരിശോധിച്ച് സർക്കാർ സാധ്യമായ ഇടപെടൽ നടത്തും. റിപ്പോർട്ടിൽ അപകടകരമായ കാര്യങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
17 ക്രെയിനുകൾകൂടി ഉടനെത്തും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് 17 ക്രെയിനുകൾകൂടി ചൈനയിൽനിന്ന് ഉടനെത്തും. രണ്ടാംഘട്ടത്തിൽ മൂന്ന് കപ്പലുകളിലായി അടുത്ത മാസം നാല്, 17, 23 തീയതികളിലായാണ് ക്രെയിനകൾ എത്തുക. കഴിഞ്ഞ ഒക്ടോബറിൽ 15 ക്രെയിനുകളെത്തിച്ചിരുന്നു.
14 കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും നാല് ഷിപ്പ് ടു ഷോർ ക്രെയിനുകളുമാണ് അടുത്തമാസം എത്തിക്കുക. ആദ്യ കപ്പലിൽ ആറ് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുണ്ടാകും. രണ്ടാം കപ്പലിൽ രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനും നാല് കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളും മൂന്നാം കപ്പലിൽ രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനും മൂന്ന് കാന്റിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.