അമ്മക്കും വീട്ടിൽ പിറന്ന കുഞ്ഞിനും കൈത്താങ്ങായി 108 ആംബുലൻസ് ജീവനക്കാർ
text_fieldsവിഴിഞ്ഞം: അമ്മക്കും വീട്ടിൽ പിറന്ന കുഞ്ഞിനും കൈത്താങ്ങായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പൂന്തുറ സ്വദേശിനിയായ യുവതിയാണ് വെള്ളിയാഴ്ച രാവിലെ പത്തോടെ പെൺകുഞ്ഞിന് ജന്മം നൽകിയത്.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയിരുന്നു. തുടർന്ന് കൺട്രോൾ റൂമിൽനിന്ന് സന്ദേശം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി.
ആംബുലൻസ് ഡ്രൈവർ രാജേഷ് എസ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിനീഷ് എം.എസ് എന്നിവർ ഉടൻ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിനു മുമ്പുതന്നെ യുവതി കുഞ്ഞിന് ജന്മം നൽകി. പിന്നാലെ ആംബുലൻസ് ജീവനക്കാരും സ്ഥലത്തെത്തി.
യുവതിയും കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ വിനീഷ് ഇരുവർക്കും പ്രഥമശുശ്രൂഷ നൽകി തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.