കവിതയിലൂടെ കാൻസറിനെ തോൽപിച്ച് 80കാരി
text_fieldsവിഴിഞ്ഞം: അർബുദം നൽകിയ നൊമ്പരങ്ങളെ അതിജീവിക്കാൻ നളിനാക്ഷിയമ്മ കണ്ടെത്തിയ ഒറ്റമൂലി കവിതാരചനയാണ്. ബാലരാമപുരം കോട്ടുകാൽ മന്നോട്ടുകോണം തിരുത്തുംകര ബംഗ്ലാവിൽ നളിനാക്ഷിയമ്മ എന്ന 80കാരിയുടെ ഡയറി താളുകളിലെ അക്ഷരങ്ങൾ നുറുങ്ങുന്ന വേദനക്കിടെ, പിറന്നവയാണ്.
അതിൽ മരണത്തിന്റെ ഓർമപ്പെടുത്തലും ഊർന്നുപോകുന്ന പ്രാണൻ മുറുകെപ്പിടിക്കാൻ നടത്തിയ പോരാട്ടത്തിന്റെ ചൂടുമുണ്ട്. അർബുദത്തെ എഴുത്തിലൂടെ അതിജീവിച്ച ഇവർ പ്രതിസന്ധികൾക്കുമുന്നിൽ തളർന്നുപോകുന്ന പുതുതലമുറക്ക് മാതൃകയാണ്. ഹിന്ദി അധ്യാപികയായിരുന്ന നാളിനാക്ഷിയമ്മയുടെ ഭർത്താവ് മണികണ്ഠൻ നായർ 1994ൽ മരിച്ചു.
അതിനു പിന്നാലെ, 1998ൽ 54ാം വയസ്സിൽ ഗർഭാശയ കാൻസർ സ്ഥിരീകരിച്ചു. ഭർതൃവിയോഗവും കാൻസർ ബാധയും ആദ്യം തളർത്തിയെങ്കിലും തോറ്റുപിന്മാറാൻ ഈ അമ്മ തയാറായില്ല. ഇവയിൽനിന്ന് മോചനം നേടാൻ മനസ്സ് പാകപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾക്കിടയിലാണ് കവിതകളെഴുതിത്തുടങ്ങിയത്.
ദൈവം, ജീവിതം, മരണം തുടങ്ങിയവയായിരുന്നു കവിതയുടെ പ്രമേയം. മനസ്സിൽ രൂപപ്പെടുന്ന വരികൾ കിട്ടുന്ന പേപ്പറുകളിൽ കുറിച്ചുവെക്കും. പിന്നീട്, ഇവ ഒരു ഡയറിയിലേക്ക് മാറ്റിയെഴുതും. ഓരോ കവിതയും എഴുതുമ്പോൾ തനിക്ക് എന്തിനെയും നേരിടാൻ മനോബലം ലഭിക്കുന്നെന്ന തോന്നലുണ്ടായി.
ഇതായിരിക്കാം രോഗത്തെയും ജീവിത പ്രതിബന്ധങ്ങളെയും അതിജീവിക്കാൻ കരുത്തുനൽകിയതെന്ന് നളിനാക്ഷിയമ്മ പറഞ്ഞു. മരിക്കുംവരെ എഴുത്ത് തുടരണമെന്നാണ് ആഗ്രഹം.
എഴുതിയ കവിതകൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതിന് ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ. ചെറുമകനൊപ്പം കുടുംബ വീട്ടിലാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.