കൃത്രിമപ്പാരുകൾ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി തുടങ്ങി
text_fieldsവിഴിഞ്ഞം: കേരളത്തിന്റെ തീരക്കടലിൽ സുസ്ഥിര മത്സ്യബന്ധനവും മെച്ചപ്പെട്ട ജീവനോപാധിയും പ്രോത്സാഹിപ്പിക്കുന്നതിന് കൃത്രിമപ്പാരുകൾ സ്ഥാപിച്ച് മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതി (സീ റാഞ്ചിങ്) തുടങ്ങി. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം നോർത്ത് ഹാർബറിൽ നടന്ന പരിപാടിയിൽ സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സിൽവർ പൊമ്പാനോ ഇനത്തിൽപെട്ട 22,000 മത്സ്യകുഞ്ഞുങ്ങളെ കടലിൽ നിക്ഷേപിച്ചു. കേന്ദ്ര ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണെന്നും ഫിഷറീസ് മേഖലയുടെ മുന്നേറ്റത്തിന് ഇത് കാരണമായെന്നും ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞു. എല്ലാ ഫിഷിങ് ബോട്ടുകളിലും ട്രാൻസ്പോണ്ടറുകൾ സ്ഥാപിക്കുന്നതിന് സർക്കാർ സഹായം ലഭ്യമാക്കും. ഇതിനാവശ്യമായ തുകയിൽ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ തീരദേശ ജില്ലകളിലും തീരക്കടലിൽ കൃത്രിമപ്പാരുകൾ സ്ഥാപിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ലക്ഷ്യമിടുന്നു. ആദ്യ ഘട്ടമായി തിരുവനന്തപുരം ജില്ലയിലെ തീരക്കടലിൽ 42 സ്ഥലങ്ങളിലായി 13 കോടി രൂപ വിനിയോഗിച്ച് 6,300 കൃത്രിമപ്പാരുകൾ നിക്ഷേപിച്ചു. രണ്ടാംഘട്ടത്തിൽ പാരിൽ അനുയോജ്യമായ മത്സ്യവിത്ത് നിക്ഷേപിക്കാൻ മൂന്ന് കോടി രൂപ ചെലവിടും. നിശ്ചിത അകലങ്ങളിലുള്ള 10 കൃത്രിമപ്പാര് സൈറ്റുകളിൽ ഒരു പാരിൽ ഒരു ലക്ഷം എന്ന ക്രമത്തിൽ പൊമ്പാനോ, കോബിയ ഇനത്തിലുള്ള എട്ടു മുതൽ 10 ഗ്രാം വരെ വളർച്ചയെത്തിയ 10 ലക്ഷം മത്സ്യവിത്തുകൾ നിക്ഷേപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.