വീടുകളിൽനിന്ന് മൊബൈൽ ഫോണുകൾ കവർന്ന യുവാവ് പിടിയിൽ
text_fieldsവിഴിഞ്ഞം: ഒറ്റ ദിവസം രാത്രി രണ്ട് വീടുകളിൽ കയറി മൊബൈൽ ഫോണുകൾ കവർന്ന യുവാവ് പിടിയിൽ. മോഷണത്തിനിടെ ഉണർന്ന വീട്ടുകാരെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ മോഷ്ടാവിനെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.
കാഞ്ഞിരംകുളം പുതിയതുറ കറുത്താൻ വിളവീട്ടിൽ വിജിൻ (22) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ വിഴിഞ്ഞം പഴയ പള്ളിക്ക് സമീപം പള്ളിത്തെരുവ് വീട്ടിൽ ജയയുടെ വീട്ടിൽ കയറിയ വിജിൻ ഇവിടെ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കവർന്നു. ഇവർ ഉണർന്ന് ബഹളം വെച്ചപ്പോൾ വീടിന്റ പുറകുവശത്തെ അടുക്കള വാതിൽ തുറന്ന് ഭീഷണിപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു.
തുടർന്ന് പുലർച്ചെ രണ്ടരയോടെ ചൊവ്വര സ്വദേശി സരിതയുടെ വീട്ടിൽ കയറിയും ഫോൺ കവർന്നു. ഇവിടെയും വീട്ടുകാർ ഉണർന്ന് ബഹളമുണ്ടാക്കി. പൊലീസ് എത്തി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി. വിഴഞ്ഞത്ത് ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ ആക്രമിച്ച് മൊബൈൽ തട്ടിപ്പറിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതി സമ്മതിച്ചു.
വിഴിഞ്ഞത്തും കാഞ്ഞിരംകുളത്തുമായി നിരവധി സമാനമായ കേസുകളുണ്ടെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. വിഴിഞ്ഞം എസ്. എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ വിനോദ്, എ.എസ്.ഐ ബൈജു, പൊലീസുകാരായ ഷൈൻ രാജ്, അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.