അഞ്ചുദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഷെൻ ഹുവ തീരത്തടുത്തു
text_fieldsവിഴിഞ്ഞം: അഞ്ചുദിവസത്തെ കാത്തിരിപ്പിനൊടുവിൽ ഷെൻ ഹുവ 29 തീരത്തടുത്തു. കപ്പൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തടുപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ വൈകിയതാണ് തടസ്സമായതെന്നാണ് തുറമുഖ അധികൃതരുടെ വിശദീകരണം.
അനുമതി തിങ്കളാഴ്ച ലഭിച്ചതിനെതുടർന്ന് ചൈനയിൽ നിന്ന് ക്രെയിനുമായി എത്തിയ ‘ഷെൻ ഹുവ 29’ എന്ന ചരക്ക് കപ്പൽ വൈകുന്നേരം മൂന്നോടെ അന്താരാഷ്ട്ര തുറമുഖ വാർഫിൽ അടുപ്പിച്ചു.
വാർഫിലടുപ്പിക്കാനുള്ള അനുമതി കാത്ത് തീരത്ത് നിന്ന് പത്ത് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന കപ്പൽ തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ വാടകക്കെടുത്ത നാല് വള്ളങ്ങളുടെയും അദാനിയുടെ വകയായ ഡോൾഫിൻ 41 എന്ന ടഗ്ഗിന്റെയും സുരക്ഷാ അകമ്പടിയോടെയാണ് തുറമുഖ കവാടത്തിലെത്തിയത്. തുടർന്ന് മറ്റ് മൂന്ന് ടഗ്ഗുകളുടെ സഹായത്തോടെ വാർഫിൽ അടുപ്പിച്ചു.
ഇക്കഴിഞ്ഞ ഒമ്പതിന് രാവിലെ വിഴിഞ്ഞം പുറംകടലിൽ എത്തിയ കപ്പലിന് തിങ്കളാഴ്ച ഉച്ചയോടെയാണ് തുറമുഖത്തേക്ക് പ്രവേശിക്കാനുള്ള അനുമതി ബന്ധപ്പെട്ട ഏജൻസികൾ നൽകിയതെന്നാണ് പറയുന്നതെങ്കിലും വാർഫിൽ ഇറക്കുന്ന കൂറ്റൻ ക്രെയിൻ സ്ഥാപിക്കുന്ന ട്രാക്കിലെ സാങ്കേതിക സൗകര്യം ഒരുക്കുന്നതിൽ വന്ന കാലതാമസവും ചരക്കുകപ്പൽ നടുക്കടലിൽ കാത്തുകിടക്കാൻ കാരണമായതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.
ഏതായാലും ദിവസങ്ങളുടെ കാത്തുകിടപ്പിനൊടുവിൽ മറ്റ് മത്സ്യബന്ധന വള്ളങ്ങൾ ഉൾപ്പെടെയുള്ള കടൽയാനങ്ങളുടെ തടസ്സങ്ങൾ ഒഴിവാക്കി അധികൃതർ തെളിച്ച പാതയിലൂടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തെത്തിയത്.
കാലാവസ്ഥ അനുകൂലമായാൽ ഇവിടെ ഇറക്കാനുള്ള കൂറ്റൻ ഷിപ്പ് ടു ഷോർ ക്രെയിൻ ഇറക്കിയ ശേഷം മുന്ദ്ര പോർട്ടിലേക്കുള്ള ആറ് യാർഡ് ക്രെയിനുകളുമായി രണ്ട് ദിവസത്തിനുള്ളിൽ കപ്പൽ ഗുജറാത്തിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.