പെൺകുട്ടിയുടെ കൊലപാതകക്കേസിൽ വഴിത്തിരിവ്; കൊലയാളികൾ എന്ന ആരോപണത്തിൽ മാതാപിതാക്കൾ തള്ളിനീക്കിയത് ഒരുവർഷം
text_fieldsവിഴിഞ്ഞം: 'ഞങ്ങളുടെ നിരപരാധിത്വം സമൂഹത്തിന് മുന്നിൽ തെളിഞ്ഞിരിക്കുന്നു. മകൾ എല്ലാം മുകളിൽ നിന്ന് കാണുന്നുണ്ടാവും'. ഇത്രയും പറഞ്ഞ് ആനന്ദൻ ചെട്ടിയാരും ഭാര്യ ഗീതയും കരഞ്ഞു. ആറ്റുനോറ്റ് വളർത്തിയ മകളെ കൊന്നു എന്ന ആരോപണത്തിന്റെ നിഴലിൽ വളർത്തച്ഛനായ ആനന്ദൻ ചെട്ടിയാർ നേരിട്ടത് കോവളം പൊലീസിന്റെ ശാരീരികവും മാനസികവുമായ കൊടിയ പീഡനമാണ്. കൊടിയ മർദനം സഹിക്കാൻ വയ്യാതെ, മകളെ കൊന്ന കുറ്റം ഏറ്റെടുക്കേണ്ടി വന്നു.
നുണപരിശോധനക്കായി കോവളം പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുമ്പോഴാണ് യഥാർഥ പ്രതികൾ പിടിയിലായത്. ഒരു വർഷമായി 'വളർത്തുമകളെ കൊന്നവൻ' എന്ന പഴിയിൽ ജീവിച്ച ആനന്ദൻ ചെട്ടിയാരും ഭാര്യ ഗീതയും സത്യം പുറത്ത് വന്നതിന്റെ ആശ്വാസത്തിലാണെങ്കിലും തങ്ങൾ പൊന്നുപോലെ നോക്കിയ മകളുടെ വേർപാടിൽ നിന്ന് ഇതുവരെയും മോചിതരായിട്ടില്ല.
സംഭവത്തിൽ ഇപ്പോൾ കുറ്റം സമ്മതിച്ച റഫീഖ അന്ന് 'തങ്ങളാണ് മകളെ കൊന്നത്' എന്ന് പലരോടും പറഞ്ഞിരുെന്നന്ന് ഇരുവരും പറയുന്നു. ഒരു അന്വേഷണം പോലും നടത്താതെ അന്നത്തെ കോവളം സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറും സംഘവും തങ്ങളെ ചെയ്യാത്ത കുറ്റത്തിന് പ്രതികളാക്കി. അന്വേഷണ ഉദ്യോഗസ്ഥനായ ഫോർട്ട് അസി. കമീഷണറോ മറ്റ് ഉദ്യോഗസ്ഥരോ പലപ്പോഴും ഇത്തരത്തിലുള്ള ചോദ്യം ചെയ്യലിന് സന്നിഹിതരല്ലായിരുെന്നന്ന് ആനന്ദൻ പറയുന്നു.
കുറച്ച് പൊലീസുകാരാണ് നിരവധി തവണ ചോദ്യം ചെയ്യലിന്റെ പേരിൽ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതെന്ന് ആനന്ദൻ പറയുന്നു. മക്കളില്ലാത്തതിനാൽ എടുത്ത് വളർത്തിയതാണ് ഗീതുവിനെ. പതിനാല് വയസ്സുവരെയും ഒരു കുറവും വരുത്താതെയാണ് ഞങ്ങൾ അവളെ വളർത്തിയത്. ഹോർമോൺ വൈകല്യത്തെ തുടർന്നുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
കൊതുക് കടിച്ച് കാലിൽ മന്തിന്റെ പ്രശ്നവും ഉണ്ടായിരുന്നു. ഇതിനുള്ള ചികിത്സ ചെയ്യുന്നുണ്ടായിരുന്നു. ആ ഇടക്കാണ് റഫീഖ ഇവിടെ താമസത്തിന് വരുന്നത്. മകൾക്ക് അവരുമായി നല്ല അടുപ്പം ഉണ്ടായിരുന്നു. എന്നാൽ അത് ഇത്രയും വലിയ ഒരു നഷ്ടം ഉണ്ടാക്കുമെന്ന് ഞങ്ങൾ അറിഞ്ഞില്ല. അതിന് പിന്നിലെ അപകടത്തെക്കുറിച്ച് ചിന്തിച്ചില്ല. ഇന്ന് വളരെ വിഷമതകൾക്ക് ഇടയിലാണ് ഈ വിവരം അറിയുന്നത്.
ശാരീരികമായി ഇപ്പോൾ വളരെ ബുദ്ധിമുട്ടിലാണ് ഇരുവരും. കാൻസർ ബാധിതയാണ് ഗീത. ഇവരെ കൂടാതെ ബന്ധുക്കൾ ഉൾപ്പെടെ ഉള്ളവർക്കും നിരവധി പീഡനങ്ങൾ ഏൽക്കേണ്ടി വന്നു. പലരും അതിന് ശേഷം മിണ്ടുന്നില്ല എന്നും ഗീത പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.