ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണം: യുവാവ് അറസ്റ്റിൽ
text_fieldsവിഴിഞ്ഞം: വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വന്ന 108 ആംബുലൻസ് ജീവനക്കാർക്ക് നേരെ ആക്രമണം. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർക്കും നഴ്സിനും പരിക്ക്. വ്യാഴാഴ്ച ഉച്ചയോടെ വെങ്ങാനൂർ പനങ്ങോട് റോഡിലാണ് സംഭവം.
അമിതവേഗത്തിൽ വന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് റോഡിന് സമീപത്തെ ഓടയിൽ മറിഞ്ഞു. സംഭവത്തിൽ ബാലരാമപുരം സ്വദേശികളായ തൗഫീഖ് (22), ശ്രീനന്ദൻ (19) എന്നിവർക്ക് പരിക്കുപറ്റി.
സംഭവസമയം തൗഫീഖ് ആണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ഉടൻ തന്നെ 108 ആംബുലൻസിന്റെ സേവനം തേടി. ഇതിന്റെയടിസ്ഥാനത്തിൽ നേമം താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് സ്ഥലത്തെത്തി. എന്നാൽ, ആംബുലൻസ് ജീവനക്കാർ പുറത്തിറങ്ങാൻ ശ്രമിക്കവേ അപകടശേഷം അക്രമാസക്തനായ തൗഫീഖ് വാഹനത്തിന്റെ ഡോർ പിടിച്ചടക്കുകയും ജീവനക്കാർക്ക് നേരെ അസഭ്യം വിളിക്കുകയും ചെെയ്തന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടത്തിൽ പരിക്കുപറ്റി ഓടയിൽ കിടന്ന ശ്രീനന്ദനെ ആംബുലൻസ് ജീവനക്കാർ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഇതിനിടയിൽ ആംബുലൻസിനുള്ളിൽ കയറിയ തൗഫീഖ് ശ്രീനന്ദനെ മർദിക്കുകയും തടയാൻ ശ്രമിച്ച നഴ്സ് വിഷ്ണുവിനെ ആക്രമിക്കുകയുമായിരുന്നു.
തൗഫീഖ് ഹെൽമറ്റ് ആംബുലൻസിനുള്ളിൽ വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിച്ച ഡ്രൈവർ രാഹുലിനെ ആംബുലൻസിലെ ഡോർ പൊട്ടിച്ചെടുത്ത കമ്പി കൊണ്ട് ആക്രമിച്ചു. നാട്ടുകാർക്ക് നേരെയും അസഭ്യം പറഞ്ഞ് ആക്രമണം നടത്താൻ തൗഫീഖ് ശ്രമിച്ചെങ്കിലും നാട്ടുകാർ ചെറുക്കുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് സംഘത്തിന് നേരെയും തൗഫീഖ് അസഭ്യം പറഞ്ഞതായി നാട്ടുകാർ പറയുന്നു.
പൊലീസ് അകമ്പടിയിൽ തൗഫീഖിനെയും ശ്രീനന്ദനെയും 108 ആംബുലൻസിൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഡോക്ടറെ അസഭ്യം പറയുകയും ആംബുലൻസ് ജീവനക്കാരെയും ആശുപത്രി ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരമറിയിച്ചത് അനുസരിച്ച് കോവളം പൊലീസ് സ്ഥലത്തെത്തി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ ആംബുലൻസ് ജീവനക്കാർ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. സംഭവത്തിൽ ഇവർ വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഡോക്ടർ നൽകിയ പരാതിയിൽ കോവളം പൊലീസ് തൗഫീഖിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.