വീട് കുത്തിത്തുറന്ന് കവർച്ച; പ്രതി അറസ്റ്റിൽ
text_fieldsവിഴിഞ്ഞം: കരുംകുളത്ത് വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. സ്ഥിരമായി മോഷണവും കഞ്ചാവ് വിൽപനയും നടത്തിവരുന്ന ബാലരാമപുരം മംഗലത്തുകോണം സ്വദേശി രാഖീഷിനെയാണ് (33) കാഞ്ഞിരംകുളം പൊലീസ് ഉൾപ്പെട്ട അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ നടത്തിയ മോഷണ കേസുകളിലും കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് എക്സൈസ് കേസുകളിലും പ്രതിയാണ്. ജയിലായിരുന്ന പ്രതി ഒരുമാസം മുമ്പ് ജാമ്യത്തിലിറങ്ങി വിചാരണ നേരിടുന്നതിനിടെയാണ് വീണ്ടും മോഷണ കേസിൽ പിടിയിലായത്.
കേസന്വേഷണത്തിനിടെ ജയിലിൽ കഴിയുന്ന സൃഹൃത്തിനെ കാണാൻ നെയ്യാറ്റിൻകരയിലെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ ജൂൺ 22നാണ് കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കരുംകുളം കൊച്ചുതുറയിൽ ഉമയർവിളാകം കേദാരത്തിൽ അംബ്രോസ് കാറൽമാന്റെ വീട്ടിൽ കവർച്ച നടന്നത്.
വീട്ടുകാർ പുറത്തുപോയ സമയത്ത് പിന്നിലെ വാതിൽ പൊളിച്ചാണ് സ്വർണവും പണവും കവർന്നത്. സംഭവത്തിൽ റൂറൽ ജില്ല പൊലീസ് മേധാവി ശിൽപ ദേവയ്യയുടെ നിർദേശപ്രകാരം നെയ്യാറ്റിൻകര എ.എസ്.പി ടി. ഫറാഷ്, റൂറൽ നർകോട്ടിക് സെൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ടി. രാസിത്, കാഞ്ഞിരംകുളം എസ്.എച്ച്.ഒ അജിചന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു.
പ്രത്യേക അന്വേഷണസംഘാംഗങ്ങളായ പ്രവീൺ ആനന്ദ്, അജിത്, അരുൺ കുമാർ ആർ.എസ്, കാഞ്ഞിരംകുളം സ്റ്റേഷനിലെ എസ്.ഐമാരായ ജോൺ, രമേശ്, എ.എസ്.ഐ റോയി, സീനിയർ സി.പി.ഒ വിമൽ രാജ്, സി.പി.ഒ സജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.