ലൈറ്റ് വെച്ച് മീൻപിടിത്തത്തെ ചൊല്ലി തർക്കം: വിഴിഞ്ഞത്ത് അടി; മൂന്നുപേർക്ക് പരിക്ക്
text_fieldsവിഴിഞ്ഞം: ലൈറ്റ് വെച്ചുള്ള മീൻപിടിത്തത്തെ ചൊല്ലിയുള്ള തർക്കം കൈയാങ്കളിയിൽ; മത്സ്യത്തൊഴിലാളികൾ തമ്മിൽ വിഴിഞ്ഞം തുറമുഖത്ത് ഏറ്റുമുട്ടിയതിൽ മൂന്നുപേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പൂവാർ സ്വദേശികളായ പ്രവീൺ, സിൽവയ്യൻ, സന്തോഷ് എന്നിവരെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറ്റക്കാരെ പിടികൂടണമെന്നും മീൻപിടിത്തത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് ഒരു സംഘം മത്സ്യത്തൊഴിലാളികൾ കൂട്ടമായി വിഴിഞ്ഞം സ്റ്റേഷനിലെത്തി. ഇവരെ സ്റ്റേഷൻ ഗേറ്റിൽ പൊലീസ് തടഞ്ഞതും വാക്കേറ്റത്തിൽ കലാശിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. മീൻപിടിത്തത്തിന് പോകാനായി വള്ളത്തിൽവെച്ചിരുന്ന പവർ ബാറ്ററികൾ വിഴിഞ്ഞം സ്വദേശികളായ ഒരു സംഘം എടുത്തുമാറ്റിയത് മറ്റ് തീരങ്ങളിൽനിന്നുള്ളവർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഉച്ചമുതൽ വള്ളമിറക്കിയ പലരും ലൈറ്റും ബാറ്ററികളും കൊണ്ടുപോയിരുന്നെങ്കിലും ആരും ചോദ്യം ചെയ്തിരുന്നില്ലെന്നാണ് പരാതി.
ഇവരെ പിന്തുടർന്ന് വൈകുന്നേരം ഇറങ്ങിയവരെ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായതും. വാക്കേറ്റവും കൈയാങ്കളിയും തുഴ കൊണ്ടുള്ള അടിയും രൂക്ഷമായതോടെ പിക്കറ്റ് പോസ്റ്റുകളിൽ നിന്ന പൊലീസുകാരും തീരദേശ പൊലീസും ഇടപെട്ടത് വൻ സംഘർഷം ഒഴിവായി. ഇതോടെ കടലിൽ ഇറങ്ങാൻ മടിച്ച മറ്റ് തീരങ്ങളിലുള്ളവർ പരാതിയുമായി വിഴിഞ്ഞം സ്റ്റേഷനിലേക്ക് എത്തി.
ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച മത്സ്യത്തൊഴിലാളികളെ പൊലീസ് സ്റ്റേഷന്റെ ഗേറ്റിൽ തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി. തുടർന്ന് സി.ഐ പ്രജീഷ് ശശി, എസ്.ഐ വിനോദ് എന്നിവർ ഇടപെട്ട് രംഗം ശാന്തമാക്കി. രാത്രിയിൽ കടലിൽവെച്ച് സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ദൂരെനിന്നെത്തിയ പലരും വള്ളമിറക്കൽ ഉപേക്ഷിച്ച് മടങ്ങി.
മത്സ്യബന്ധന സീസൺ പ്രമാണിച്ച് പൂവാർ, പുല്ലുവിള, അടിമലത്തുറ, പൂന്തുറ ഉൾപ്പെടെ ജില്ലയിലെ എല്ലാ തീരങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ വള്ളമിറക്കുന്നത് വിഴിഞ്ഞം തുറമുഖത്ത് നിന്നാണ്. മത്സ്യക്കുഞ്ഞുങ്ങളുടെ വളർച്ചക്കും മത്സ്യസമ്പത്തിന്റെ വർധനയും കണക്കിലെടുത്ത് ലൈറ്റ് ഫിഷിങ്ങിന് സർക്കാർ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ഇത് വകവെക്കാതെ ഒരുവിഭാഗം ലൈറ്റ് ഉപയോഗിച്ചുള്ള മീൻപിടിത്തം തുടരുന്നതായി അധികൃതർ പറയുന്നു. സംഘർഷമൊഴിവാക്കാൻ തുറമുഖത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചു. പട്രോളിങ് ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.