കടബാധ്യത: കവർന്നത് കുടുംബത്തിന്റെ പ്രതീക്ഷ
text_fieldsവിഴിഞ്ഞം: കടബാധ്യതയെ തുടർന്ന് ശിവരാജൻ കുടുംബത്തോടെയുള്ള ആത്മഹത്യക്ക് നേരത്തെ പദ്ധതി തയ്യാറാക്കിയിരിക്കാമെന്ന് പൊലീസ്. വിഴിഞ്ഞം ചൊവ്വരയിൽ ജ്വല്ലറി നടത്തുന്ന ശിവരാജൻ വീട് വെക്കുന്നതിന്നും ജ്വല്ലറി മെച്ചപ്പെടുത്തുന്നതിനുമായി കെ.എസ്.എഫ്.ഇയുടെ കരമന, കാഞ്ഞിരംകുളം ശാഖകളിൽ നിന്നും വെങ്ങാനൂർ സഹകരണ ബാങ്കിൽ നിന്നുമായി ലക്ഷങ്ങൾ വായ്പയെടുത്തിരുന്നു. അടവ് മുടങ്ങിയതോടെ വീട് ജപ്തിയുടെ വക്കിലായി.
നോട്ടീസ് വന്നതോടെ മാനസിക വിഷമത്തിലായ ശിവരാജൻ വീടും വസ്തുവും വില്ക്കാൻ തീരുമാനിച്ചു. രണ്ടാഴ്ചക്കുള്ളിൽ വീടിന്റെ വില്പന നടക്കുമെന്ന് മനസിലായതോടെ കൂടുതൽ മാനസിക സംഘർഷത്തിലായതായി നാട്ടുകാർ പറയുന്നു. അരകോടിയിലധികം ബാധ്യതയുള്ള ശിവരാജന് വീടുവിറ്റാലും തുച്ഛമായ തുക മാത്രമേ ബാക്കിയുള്ളൂ. ഇതിന്റെ മനോ വിഷമത്തിലാവാം ഭാര്യക്കും മക്കൾക്കും വിഷം നൽകിയതെന്നാണ് ബന്ധുക്കളുടെ സംശയം. അച്ഛൻ നൽകിയ വൈറ്റമിൻ ഗുളിക കഴിച്ച ശേഷമാണ് ശാരീരിക അസ്വാസ്ഥ്യം തുടങ്ങിയതെന്ന് മകൻ. ഗുളികക്കുള്ളിൽ വിഷം വെച്ച് നൽകിയതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വിഷം ശരീരത്തിൽ പൂർണമായി കലരുന്നതിന് മുൻപ് ഭാര്യ ബിന്ദുവും മകൻ അർജുനും ഛർദ്ദിച്ചത് ജീവൻ രക്ഷക്ക് വഴി തെളിച്ചു. സംഭവ സമയം ബിന്ദുവിന്റെ മാതാവ് 85 കാരിയായ കനിയമ്മയും വീട്ടിലുണ്ടായിരുന്നു.
ജോലി വാങ്ങി വീട്ടിലെ കട ബാധ്യതകൾ തീർക്കണമെന്നതായിരുന്നു അഭിരാമിയുടെ ലക്ഷ്യം. ഇതിനുവേണ്ടി പി.എസ്.സി കോച്ചിംഗ് പോകുന്നുണ്ടായിരുന്നു. മുറിക്കുള്ളിൽ മരിച്ച നിലയിൽ അഭിരാമിയെ കണ്ടെത്തുമ്പോഴും കട്ടിലിൽ പി.എസ്.സി പഠിക്കുന്ന ബുക്കുകൾ തുറന്നിരിപ്പുണ്ടായിരുന്നു. വിഴിഞ്ഞം സ്വദേശിയുമായി അഭിരാമിയുടെ വിവാഹം നിശ്ചയം നടക്കാനിരിക്കെയാണ് മരണം കവർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.