വിഴിഞ്ഞത്ത് കൈയാങ്കളി: ഏഴ് പൊലീസുകാർക്കും രണ്ട് പ്രതിഷേധക്കാർക്കും പരിക്കേറ്റു
text_fieldsവിഴിഞ്ഞം: തുറമുഖ കവാടത്തിൽ നടന്നുവരുന്ന സമരത്തിന് പിന്തുണയുമായെത്തിയ മത്സ്യത്തൊഴിലാളികളുമായുള്ള ബലപ്രയോഗത്തിലും കൈയാങ്കളിയിലും ഏഴ് പൊലീസുകാർക്കും രണ്ട് പ്രതിഷേധക്കാർക്കും പരിക്കേറ്റു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തള്ളിമറിക്കുന്നത് പ്രതിരോധിക്കുന്നതിനിടെയാണ് പൊലീസുകാർക്ക് പരിക്കേറ്റത്.
സ്പെഷൽ ആംഡ് വിംഗിലെ പൊലീസുകാരായ മഹേഷ്, അഖിൽ, വിഷ്ണു, ശരത്, അജിൽ, വിനോദ്, അബി എന്നിവർക്കാണ് പരിക്കേറ്റത്. മിക്കവരുടെയും കൈപ്പത്തിക്കും ചിലർക്ക് വിരലുകൾക്കുമാണ് പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.
പ്രതിഷേധക്കാർ തുറമുഖത്തെ പ്രധാനകവാടം തള്ളിത്തുറന്ന് പദ്ധതി പ്രദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ഡ്രോൺ ഉപയോഗിച്ച് പകർത്തവെയാണ് പൊലീസുകാരായ വിനോദ്, അബി എന്നിവർക്ക് പരിക്കേറ്റത്. മുകളിൽ പറക്കുകയായിരുന്ന ഡ്രോണിനെ നിയന്ത്രിക്കുന്ന ഉപകരണങ്ങൾ പ്രതിഷേധക്കാർ പിടിച്ചുവാങ്ങി
കേബിൾ ഉൾപ്പെട്ടവ വലിച്ചൂരി. ഇതോടെ നിയന്ത്രണംതെറ്റിയ ഡ്രോൺ താഴേക്ക് പതിക്കുന്നതിനിടയിൽ അപകടമറിയാതെ പിടിക്കാൻ ശ്രമിച്ച സമരക്കാരിലൊരാളായ പുല്ലുവിള സ്വദേശി അലോഷ്യസിന്റെ കൈക്ക് സാരമായ പരിക്കേറ്റു. തുടർന്ന് നടന്ന പിടിവലിക്കിടയിൽ ഒരാൾ ഡ്രോൺ നിലത്തടിച്ചതോടെ പല കഷ്ണങ്ങളായി പൊട്ടി. പത്ത് ലക്ഷത്തോളം രൂപ വിലയുള്ള ഡ്രോണാണിത്.
എന്നാൽ, ബാറ്ററി തീർന്ന ഡ്രോൺ താഴേക്ക് പതിച്ചെന്നാണ് സമരസമിതി ഭാരവാഹികൾ പറയുന്നത്. ഫോർട്ട് അസി. കമീഷണർ എസ്. ഷാജി ഇടപെട്ട് വൈദികരുൾപ്പെട്ട പ്രതിഷേധക്കാരുമായി അനുനയ ചർച്ച നടത്തിയതോടെയാണ് തകർന്ന ഡ്രോൺ സമരക്കാർ തിരികെ പൊലീസിൽ ഏൽപിച്ചത്. ഡ്രോൺ നശിപ്പിച്ചതിന് കേസെടുക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
പുല്ലുവിള ഇടവക വികാരി ഫാ.എസ്.ബി. ആന്റണി, സഹ വികാരിമാരായ ഫാ. ജോസ്, ഫാ. സജി, ഫാ. സോളമൻ എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ മുല്ലൂരിലെ തുറമുഖ കവാടത്തിൽ എത്തിയത്.
പ്രതിഷേധയോഗം മോൺ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു. ഫാ. തിയഡോഷ്യസ്, ഫാ. റോബിൻസൺ, ഫാ. നിക്കളോസ്, ഫാ. ഫ്രെഡി സോളമൻ, ഫാ. സാബാസ് ഇഗ്നേഷ്യസ്, ഫാ.ഷാജിൻ ജോസ് എന്നിവർ പങ്കെടുത്തു. വൈകീട്ട് മൂന്നോടെ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകർ സമരത്തിന് പിന്തുണയുമായെത്തി. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, സെക്രട്ടറി ജോൺസൺ കണ്ടൻചിറ എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ കിസാൻ സഭ പ്രതിനിധി കെ.വി. ബൈജുവും സംഘവും കൊല്ലം രൂപത സെക്രട്ടറി സാജു കുരിശിങ്കൽ, സുൽത്താൻപേട്ട രൂപതയിൽനിന്ന് ഫാ. ആൽബർട്ട് ആനന്ദരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.