പാലം നിർമിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് തർക്കം പനത്തുറ സന്ദർശിച്ച് സബ്കലക്ടർ
text_fieldsവിഴിഞ്ഞം: കോവളം ജലപാതയുടെ ഭാഗമായി ഉൾനാടൻ ജലഗതാഗത വകുപ്പ് പനത്തുറയിൽ പാലം നിർമിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് സബ്കലക്ടർ ഡോ. അശ്വതി ശ്രീനിവാസ് പ്രദേശം സന്ദർശിച്ചു.
പാലം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം പനത്തുറ ക്ഷേത്രത്തിന്റേതാണെന്ന് നാട്ടുകാരും സർക്കാർ സ്ഥലമാണെന്ന് റവന്യൂ വകുപ്പിന്റെയും നിലപാടാണ് തർക്കമുയരാൻ കാരണം. ക്ഷേത്രം വക സ്ഥലം ഒഴിവാക്കി പാലം നിർമിക്കണമെന്നും ഇതിനായി നിലവിലെ അലൈന്റ്മെന്റ് മാറ്റം വരുത്തണമെന്നും ധീവരസഭ പനത്തുറ കരയോഗവും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാതെ കഴിഞ്ഞദിവസം പ്രവൃത്തി ആരംഭിക്കാൻ മണ്ണുമാന്തിയന്ത്രമടക്കം സാധനങ്ങളുമായി ഉദ്യോഗസ്ഥരും എത്തി. ഇവരെ നാട്ടുകാർ തടയുകയും ചെയ്തിരുന്നു. നാട്ടുകാരുടെ പ്രതിനിധികളുമായി സബ്കലക്ടർ നടത്തിയ ചർച്ചയെ തുടർന്ന് ഭൂമി ആരുടേതെന്ന് കണ്ടെത്താൻ ലാൻഡ് തഹസിൽദാർ കെ.ജി. മോഹന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം താലൂക്ക് സർവേയർമാരെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തി റിപ്പോർട്ട് സബ്കലക്ടർക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ്കളക്ടർ ഡോ. അശ്വതി ശ്രീനിവാസ് പനത്തുറയിൽ സന്ദർശനം നടത്തിയത്.
പനത്തുറ കരയോഗം പ്രസിഡൻറ് പ്രശാന്തൻ, ധീവരസഭ ജില്ല പ്രസിഡൻറ് പനത്തുറ ബൈജു, ശിവപ്രസാദ് എന്നിവർ സബ് കലക്ടറോട് കാര്യങ്ങൾ വിശദീകരിച്ചു. നിലവിലെ അലൈൻമെന്റ് അനുസരിച്ച് ജലപാതയും പാലവും നിർമിച്ചാൽ ക്ഷേത്രാചരങ്ങൾക്ക് ഭംഗം വരുമെന്നും നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരുമെന്നും ഇത് ഒഴിവാക്കാൻ അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നും ഇവർ സബ്കലക്ടറെ അറിയിച്ചു.
വസ്തു അളന്ന് റവന്യൂ ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടനുസരിച്ച് സ്ഥലത്തിന്റെ കുറെഭാഗം ക്ഷേത്രം വക ഭൂമിയാണെന്ന് കണ്ടെത്തിയതായും കലക്ടറേറ്റിലെ ചേമ്പറിൽ ഇരുകൂട്ടരുമായി ചർച്ച നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും ഡോ. അശ്വതി ശ്രീനിവാസ് പറഞ്ഞു. ലാൻഡ് തഹസിൽദാർ കെ.ജി. മോഹൻ, ഇൻലാൻറ് നാവിഗേഷൻ എ.ഇ എം. മനീഷ്, സർവേയർ ജി. ബാബുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.