അവഗണനയുടെ ആഴക്കിണറിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ
text_fieldsവിഴിഞ്ഞം: മൂന്ന് മാസം മുമ്പ് ഉണ്ടായ പ്രകൃതിദുരന്തത്തിൽ വീടുകൾക്കും കിണറുകൾക്കും കേടുപാടുകൾ സംഭവിച്ചവരെ അധികൃതർ അവഗണിച്ചതായി പരാതി.
വിഴിഞ്ഞം ടൗൺഷിപ്പിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് അവഗണന. 2021 നവംബർ 19നാണ് കനത്ത മഴക്കുപിന്നാലെ വൻ ശബ്ദത്തോടെ വിഴിഞ്ഞം ടൗൺഷിപ്പിൽ കിണർ ഇടിഞ്ഞുതാണത്. തൊട്ടടുത്ത ദിവസങ്ങളിലായി സമീപത്തെ ഏഴ് വീടുകളുടെ കിണർ ഇടിയുകയും വീടിനും മതിലിനും വിള്ളൽ വീഴുകയും അടുക്കള, കുളിമുറി എന്നിവക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
വീട്ടുനമ്പർ 123 അബൂബക്കർ, സമീപത്തെ അബ്ദുള്ള, ഇബ്രാഹിം, അക്ബർഷ, ഷാഹിദ, പീർമുഹമ്മദ് എന്നിവരാണ് ദുരന്തബാധിതർ. പ്രകൃതിദുരന്തമുണ്ടായ ഉടനെ മേയർ, ഡെപ്യൂട്ടി മേയർ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ, വില്ലേജ് ഓഫിസർ, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ,
കൗൺസിലർ, തഹസിൽദാർ എന്നിവർ സംഭവസ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തുകയും ജമാഅത്ത് പ്രതിനിധികളുമായി അവലോകന യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തര ധനസഹായമായി വാഗ്ദാനം ചെയ്ത 10,000 രൂപ പോലും ദുരന്തം നടന്ന് മൂന്നു മാസമായിട്ടും അധികൃതർ നൽകിയില്ലെന്ന് ദുരന്തബാധിതർ പറയുന്നു. ഉപയോഗയോഗ്യമല്ലാത്ത വിധം കിണറിലെ വെള്ളം കേടായത് മൂലം കുടിവെള്ളം മുട്ടിയ അവസ്ഥയിലാണ് കിണർ ഇടിഞ്ഞ വീടുകളിലെ കുടുംബങ്ങൾ.
അടിയന്തരമായി കുടിവെള്ള സംവിധാനം ഒരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും ജലവകുപ്പും നഗരസഭയും കൈവിട്ടു. ഇപ്പോൾ സമീപത്തെ വീടുകളെയും പൊതു പൈപ്പുകളെയും ആശ്രയിച്ചാണ് ഇവർ വെള്ളംകുടി മുട്ടാതെ കഴിയുന്നത്. തകർച്ച സംഭവിച്ച വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ടവർ കുറച്ചുനാൾ സമീപത്തെ മദ്റസയിലും ബന്ധുവീടുകളിലും താമസിച്ചുവെങ്കിലും പലരും ഇപ്പോൾ വിള്ളൽ വീണ വീടുകളിൽ തന്നെ ജീവൻ പണയപ്പെടുത്തി താമസിക്കാൻ നിർബന്ധിതരായി.
ദുരന്തങ്ങളിൽ പെടുന്നവർക്ക് ലഭിക്കേണ്ട പരിഗണനയും സഹായവും ലഭ്യമാക്കാൻ ഉത്തരവാദപ്പെട്ടവർ കാട്ടുന്ന അലംഭാവത്തിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ദുരിതബാധിതരും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.