വിഴിഞ്ഞം തുറമുഖത്തിൽ അഗ്നിരക്ഷാസേന ജീവനക്കാർ ദുരിതത്തിൽ
text_fieldsവിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തിൽ സ്റ്റാൻഡ് ബൈ ഡ്യൂട്ടിയിലുള്ള അഗ്നിരക്ഷാ സേന ജീവനക്കാർ ദുരിതത്തിലെന്ന് ആക്ഷേപം. അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനോ വിശ്രമിക്കാനോ സൗകര്യമില്ലാത്തതിനാൽ ജീവനക്കാർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നത്രെ.
തുറമുഖത്ത് ക്രെയിനുകളുമായി കപ്പലുകൾ എത്തുമ്പോൾ അഗ്നിരക്ഷാ സേന യൂനിറ്റിന്റെ സാന്നിധ്യമുണ്ടാകണം. കപ്പൽ വാർഫിൽ നങ്കൂരമിട്ട്ദൗത്യം പൂർത്തിയാക്കി മടങ്ങുംവരെ ഒരു ഫയർ എൻജിൻ യൂനിറ്റും മതിയായ ഉദ്യോഗസ്ഥരും കാവലുണ്ടാകും. ഇങ്ങനെ രാവും പകലും കാവൽ കിടക്കുന്നവർക്ക് ബന്ധപ്പെട്ടവർ അടിസ്ഥാനസൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി.
നേരത്തെ തുറമുഖത്തിലേക്ക് ക്രെയിനുകളുമായി എത്തിയ നാല് കപ്പലുകളും മടങ്ങിപ്പോകുംവരെ പാഴ്വസ്തുക്കൾ കൂട്ടിയിടുന്ന ഷെഡിലായിരുന്നു വിശ്രമിക്കാൻ സൗകര്യമൊരുക്കിയതത്രെ. രാത്രി ലോറിയിൽ കൊണ്ടുവരുന്ന സാധനങ്ങൾ ഇറക്കുന്നതുവരെ കിടക്കയുമെടുത്ത് മാറി നിൽക്കേണ്ടിവന്നു.
കടുത്ത ചൂടും കൊതുകിന്റെയും എലിയുടെയും ശല്യവുമുണ്ട്. ഇതേതുടർന്ന് വകുപ്പിലെ ഉന്നതർക്ക് പരാതി നൽകി. ഇതോടെ തുറമുഖ കവാടത്തിന് സമീപത്തെ താൽക്കാലിക ഷെഡിലെ ചെറിയ മുറി ഫയർ യൂനിറ്റിന് ഒരാഴ്ച മുമ്പ് അനുവദിച്ചു.
എന്നാൽ, 24 മണിക്കൂറും ജോലിനോക്കുന്ന ജീവനക്കാർക്ക് പ്രാഥമിക കർമങ്ങൾ നിർവഹിക്കാൻ മതിയായ സൗകര്യം ഇപ്പോഴുമായിട്ടില്ല. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ സമീപത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ ബാത്ത്റൂം ഉപയോഗിക്കാമെങ്കിലും രാത്രി ആവശ്യങ്ങൾ നിർവഹിക്കാൻ കവാടത്തിൽനിന്ന് ഒരു കിലോമീറ്ററിനപ്പുറമുള്ള തുറമുഖത്തിനുള്ളിൽനിന്ന് വാഹനം എത്തുന്നതുവരെ കാത്തിരിക്കണമെന്നാണ് ജീവനക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.