വിഴിഞ്ഞത്ത് ഓണത്തിന് ആദ്യ കപ്പൽ -മന്ത്രി
text_fieldsവിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി, വരുന്ന ഓണക്കാലത്ത് ആദ്യ കപ്പൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിനായി ഊർജിത ശ്രമം നടക്കുകയാണ്. വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച വൈദ്യുതി സബ്സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞം തുറമുഖം പ്രവർത്തനം തുടങ്ങുന്നത് രാജ്യത്തിന്റെ വികസന ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കും. നാലു ഘട്ടങ്ങളിലായാകും പദ്ധതി പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിലെ 400 മീറ്റർ ടെർമിനലുകൾ ഉടൻ നിർമാണം പൂർത്തിയാക്കും. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അതീവ ശ്രദ്ധയാണ് സർക്കാർ പുലർത്തുന്നത്.
ഇതിന്റെ ഭാഗമായി പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും പൂർത്തിയാക്കി. തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാര പാക്കേജ് നൽകുന്നതിനും നടപടി സ്വീകരിച്ചു. പുനരധിവാസത്തിനായി 20 കോടി രൂപയാണ് കേന്ദ്ര സർക്കാർ ശിപാർശ ചെയ്തത്.
എന്നാൽ, സംസ്ഥാനം 100 കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. അർഹരായ ആരെങ്കിലും ഇതിൽനിന്ന് വിട്ടുപോയിട്ടുണ്ടെങ്കിൽ അവരെയും ഇതിന്റെ പരിധിയിൽപെടുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ കാട്ടാക്കടയിൽനിന്നാണ് വിഴിഞ്ഞം തുറമുഖത്തേക്ക് വൈദ്യുതി എത്തിക്കുന്നത്.
ഇതിനായി ബാലരാമപുരം വഴി 220 കെ.വി ലൈനിലൂടെ മുക്കോലയിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള മെയിൻ ഗ്യാസ് ഇൻസുലേറ്റഡ് റിസീവിങ് സബ് സ്റ്റേഷന്റെ നിർമാണം നേരത്തേ പൂർത്തിയാക്കിയിരുന്നു. ഇവിടെനിന്ന് 33 കെ.വിയിലേക്ക് വൈദ്യുതി സ്റ്റെപ്ഡൗൺ ചെയ്തു സ്വിച്ച് ഗിയർ മുഖേന ഭൂമിക്കടിയിലൂടെ നാലു മീറ്റർ കേബിൾ വഴി തുറമുഖത്തെ 33 കെ.വി സബ്സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇപ്പോൾ പൂർത്തിയായത്.
സബ് സ്റ്റേഷന്റെ സ്വിച്ച് ഓൺ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷതവഹിച്ചു. മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു. എം. വിൻസന്റ് എം.എൽ.എ, തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു, വാർഡ് കൗൺസിലർ ഓമനയമ്മ, വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള, അദാനി പോർട്ട് സി.ഇ.ഒ രാജേഷ് കുമാർ ഝാ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.