ശക്തമായ തിരയിൽപെട്ട് കടലിൽ തെറിച്ച് വീണ മത്സ്യത്തൊഴിലാളിയെ കാണാതായി
text_fieldsവിഴിഞ്ഞം: മത്സ്യബന്ധനതുറമുഖത്തിൽ വള്ളമടുപ്പിക്കവെ ശക്തമായ തിരയിൽപെട്ട് കടലിൽ തെറിച്ച് വീണ മത്സ്യത്തൊഴിലാളിയെ കാണാതായി. തിങ്കളാഴ്ച വൈകീട്ട് നാലോടെ തീരത്തോട് ചേർന്നാണ് അപകടം. മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരുന്നതിനിടയിൽ വിഴിഞ്ഞം കടയ്ക്കുളം കോളനിയിൽ പനിയടിമ (42) യെയാണ് കടലിൽ കാണാതായത്. പനിയടിമയെ രക്ഷിക്കാൻ കടലിൽ ചാടിയ സഹപ്രവർത്തകൻ തിരച്ചുഴിയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
പനിയടിമയുടെ വള്ളത്തിൽ വിഴിഞ്ഞം സ്വദേശികളായ മര്യദാസൻ, സമർദ്ധൻ, കുമാർ എന്നിവർക്കൊപ്പം തിങ്കളാഴ്ച രാവിലെ വിഴിഞ്ഞത്ത് നിന്നാണ് മീൻ പിടിക്കാൻ പുറപ്പെട്ടത്. ഉൾക്കടലിലെ മത്സ്യബന്ധനശേഷം തിരികെയെത്തി തുറമുഖത്തിലേക്ക് വള്ളം ഓടിച്ച് കയറ്റാൻ ശ്രമിച്ച പനിയടിമ ശക്തമായ തിരയെ തുടർന്ന് കടലിലേക്ക് വീഴുകയായിരുന്നെന്ന് കൂടെയുള്ളവർ പൊലീസിന് മൊഴി നൽകി. ആഴങ്ങളിലേക്ക് താഴ്ന്ന പനിയടിമയെ രക്ഷിക്കാൻ ചാടിയ മര്യദാസനും തിരയിൽപെട്ടെങ്കിലും കൂടെയുള്ളവർ രക്ഷിച്ചു.
തുടർന്ന് വള്ളത്തെ നിയന്ത്രിച്ച സംഘം കരയിൽ എത്തി തീരദേശ പൊലീസിനെയും മറൈൻ എൻഫോഴ്സ്മെൻറിനെയും വിവരമറിയിച്ചു. മറൈൻ ആംബുലൻസും നിരവധി മത്സ്യബന്ധനവള്ളങ്ങളും തിരച്ചിൽ നടത്തിയെങ്കിലും പനിയടിമയെ കണ്ടെത്താനായില്ല. ഇരുട്ടും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് രാത്രിയിൽ തിരച്ചിൽ നിർത്തി. അന്വേഷണം ചൊവ്വാഴ്ച രാവിലെ മുതൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.