മത്സ്യത്തൊഴിലാളി സമരം പിൻവലിച്ചു; വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിക്കും
text_fieldsവിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തെ നിർമാണ മേഖലയിൽ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന രാപ്പകൽ സമരം പിൻവലിച്ചു. പ്രതിഷേധം അവസാനിച്ച സാഹചര്യത്തിൽ ഇന്നുമുതൽ തുറമുഖ നിർമാണ ജോലികൾ പൂർണതോതിൽ പുനരാരംഭിക്കാൻ തീരുമാനമായി.
തുറമുഖ നിർമാണത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കും സ്ഥലം വിട്ട് നൽകിയവർക്കും സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞ ഒരുമാസത്തിലേറെയായി തുറമുഖനിർമാണ മേഖലയിൽ രാപ്പകൽ സമരം നടത്തിവന്നത്.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സമരക്കാരുടെ പ്രതിനിധികളുമായി കഴിഞ്ഞ 30ന് നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാനുള്ള സാഹചര്യമൊരുങ്ങിയത്.
സർക്കാർ നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാത്തപക്ഷം പ്രക്ഷോഭം വീണ്ടും പുനരാരംഭിക്കുമെന്ന മുന്നറിയിപ്പ് നൽകിയാണ് മത്സ്യത്തൊഴിലാളികൾ സമരം പിൻവലിച്ചത്. തുടർന്ന് മാർഗതടസ്സം സൃഷ്ടിച്ച് നിരത്തിയ വള്ളങ്ങൾ നീക്കം ചെയ്്തു. സമരപ്പന്തലും പൊളിച്ചുമാറ്റി.
സമരത്തെ തുടർന്ന് രണ്ടാഴ്ച മുമ്പ് തുറമുഖ സെക്രട്ടറി സഞ്ജയ് കൗൾ വിളിച്ചുചേർത്ത യോഗത്തിൽ തുറമുഖ പാക്കേജുമായി ബന്ധപ്പെട്ട 15 ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിച്ചത്. ഇതിൽ കോട്ടപ്പുറത്തെ കുടിവെള്ളപദ്ധതി, മണ്ണെണ്ണവിതരണം, ഗംഗയാർ തോടിെൻറ നവീകരണം എന്നിവയിൽ ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവ് നൽകിയെങ്കിലും സമരക്കാർ വഴങ്ങിയില്ല.
ബാക്കിയുള്ളവയിൽ കൂടി തീരുമാനം ഉടൻ വേണമെന്നായിരുന്നു ആവശ്യം. തുടർന്നാണ് രണ്ട് മന്ത്രിമാരും വിസിൽ, തുറമുഖ കമ്പനി, തുറമുഖ സെക്രട്ടറിയടക്കമുള്ളവർ വീണ്ടും സമരക്കാരുമായി ചർച്ച നടത്തിയത്.
ആവശ്യങ്ങൾ പരിഹരിക്കാൻ ഒരുമാസം സമയം വേണമെന്നും ഇക്കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ മോണിട്ടറിങ് കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രിമാർ ഉറപ്പും നൽകി.
സബ്കലക്ടർ കൺവീനറായ മോണിട്ടറിങ് കമ്മിറ്റിയിൽ വിസിൽ, ഇടവക, ജമാഅത്ത് പ്രതിനിധികൾ, മത്സ്യഫെഡ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുറമുഖ കമ്പനി പ്രതിനിധികൾ എന്നിവരും അംഗങ്ങളായിരിക്കും.10 ദിവസത്തിലൊരിക്കൽ കമ്മിറ്റി യോഗം ചേർന്ന് പുരോഗതി വിലയിരുത്താനാണ് തീരുമാനം. ഇടവകവികാരി മൈക്കിൾ തോമസ്, സെക്രട്ടറി ബെനാൻസൺ ലോപ്പസ്, കോഒാഡിനേറ്റർ ജോണി, ഹാർബർ മാനേജിങ് കമ്മിറ്റി അംഗം ഓസ്റ്റിൻ ഗോമസ്, വൈസ് പ്രസിഡൻറ് മുത്തപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം നടന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.