തുറമുഖ നിർമാണ മേഖലയിൽ ഇന്ധനക്കടത്ത്; ഉത്തരേന്ത്യൻ തൊഴിലാളികൾ അറസ്റ്റിൽ
text_fieldsവിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ നിർമാണ മേഖലയിലെ ഇന്ധനക്കടത്തുമായി ബന്ധപ്പെട്ട് ടാങ്കർ ജീവനക്കാരായ മൂന്ന് ഉത്തരേന്ത്യൻ തൊഴിലാളികൾ അറസ്റ്റിലായി. ബീഹാർ സ്വദേശികളായ പിന്റുകുമാർ (30), ചന്ദ്രൻകുമാർ (31), കൃഷ്ണ പ്രസാദ് (53) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കൊച്ചിയിൽ നിന്ന് ഡീസൽ വിഴിഞ്ഞം തുറമുഖ നിർമാണ സ്ഥലത്തെത്തിച്ച് ബോട്ടുകൾക്കും ടഗ്ഗുകൾക്കും ബാർജുകൾക്കും വിതരണം നടത്തുന്ന ഓയിൽ ടാങ്കറിലെ തൊഴിലാളികളാണിവർ. ലക്ഷക്കണക്കിന് ലിറ്റർ ഡീസൽ കൊണ്ടുവരുന്ന ടാങ്കറിൽ നിന്ന് രഹസ്യമായി ഇടത്തരം ബാരലുകളിൽ ഡീസൽ നിറച്ച് കടലിൽ വെച്ച് പ്രദേശവാസികളായ ചിലർക്ക് മറിച്ച് വിൽക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 18ന് രാത്രി ഒന്നോടെ ഉൾക്കടലിൽ നിന്ന് കടത്തിക്കൊണ്ടുവന്ന 2000 ലിറ്റർ ഡീസലുമായി വിഴിഞ്ഞം സ്വദേശികളായ ദിലീപ്, റോബിൻ, ഷിജിൽ എന്നിവരെ വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു.
അന്ന് ഡീസൽ കടത്താൻ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ ഓടി രക്ഷപ്പെട്ടിരുന്നു. വർഷങ്ങളായി തുടരുന്ന ഇന്ധനക്കടത്ത് ചില രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം നടത്തി പൊലീസ് പിടികൂടിയത്. നേരത്തെ പിടികൂടി റിമാൻഡ് ചെയ്തവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ഇന്ധന ടാങ്കറിലെ ജീവനക്കാരുടെ പങ്ക് വെളിവായതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.