കൂറ്റൻ വെള്ളുടുമ്പ് വലയിൽ കുടുങ്ങി
text_fieldsവിഴിഞ്ഞം: വെയിൽ ഷാർക്ക് എന്നറിയപ്പെടുന്ന കൂറ്റൻ വെള്ളുടുമ്പ് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി. കരയിലെത്തിയ വെള്ളുടുമ്പിനെ നാല് മണിക്കൂറിനുശേഷം കടലിലേക്ക് മടക്കി വിട്ടു. വ്യാഴാഴ്ച രാവിലെ എട്ടോടെ പൂവാർ പുതിയതുറ തീരത്തു നിന്ന് മീൻ പിടിക്കാനിറങ്ങിയവരുടെ കമ്പവലയിലാണ് അപൂർവയിനം ആൺ വെള്ളുടുമ്പ് കുടുങ്ങിയത്. അഞ്ച് ടണ്ണോളം ഭാരമുള്ള കൂറ്റൻ മത്സ്യത്തെ സാഹസപ്പെട്ട് തീരത്തേക്ക് അടുപ്പിച്ച മത്സ്യത്തൊഴിലാളികൾ തിരയോട് ചേർന്ന് ഉപേക്ഷിച്ചു.
മറൈൻ എൻഫോഴ്സ്മെന്റിനെയും ഫിഷറീസ് വിഭാഗത്തെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വളന്റിയർ അജിത്തിന്‍റെ പരിശോധനയിൽ ജീവനുള്ളതായി മനസ്സിലാക്കി തീരദേശവാസികളുടെ സഹായത്തോടെ കടലിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം നടത്തി. കുറച്ച് ദൂരം പോയ തിമിംഗലം തിരികെ കരയിലേക്ക് നീന്തിയെത്തി. പിന്നീട് ഉൾക്കടലിലേക്ക് മടങ്ങി.
സാധാരണ ചെകിളപ്പൂക്കളിൽ മണൽ നിറഞ്ഞാൽ ഇവ ചത്തുപോകുകയാണ് പതിവ്. എന്നാൽ, ഇന്നലെ രാവിലെ തിരയടി കുറവായത് ജീവൻ നിലനിർത്താൻ കാരണമായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മനുഷ്യനെ ഉപദ്രവിക്കാത്ത വെള്ളുടുമ്പുകൾ ഭക്ഷ്യയോഗ്യമല്ല. ഉൾക്കടലിൽ മാത്രം കൂട്ടത്തോടെ കണ്ടുവരുന്ന ഇവ അടുത്ത കാലത്താണ് തീരത്തോട് അടുത്തുവരുന്നത്. നിരന്തരം സഞ്ചരിക്കുന്നതിനിടയിലാകാം ദിശതെറ്റി കരയിലേക്ക് വരുന്നതെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് മാനേജർ സെയ്ദു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.