കിരണിന്റെ മരണം: ദുരൂഹത നീക്കാൻ പൊലീസ്
text_fieldsവിഴിഞ്ഞം: പെൺ സുഹൃത്തിനെത്തേടി ആഴിമലയിൽ എത്തി കടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ പള്ളിച്ചൽ മൊട്ടമൂട് പള്ളോട്ടുകോണത്ത് മധുവിന്റെയും മിനിയുടെയും മകൻ കിരണിന്റെ (26) മരണത്തിലെ ദുരൂഹതനീക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
ആത്മഹത്യയാണെന്ന പ്രചാരണം നടക്കുന്നുണ്ടെങ്കിലും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം തമിഴ്നാട് കെമിക്കൽ ലാബിൽനിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ മരണകാരണം കൃത്യമായി പറയാൻ കഴിയില്ലെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു. ആഴിമലയിലെ അപകടം നിറഞ്ഞ പാറക്കൂട്ടത്തിൽ കിരൺ നിൽക്കുന്നത് കണ്ടവരുണ്ടെങ്കിലും അപകടമാണോ, ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
കഴിഞ്ഞ ജൂലൈ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. കാമുകിയുടെ വീട് തേടിയെത്തിയ കിരണിനെയും സുഹൃത്തിനെയും കാമുകിയുടെ സഹോദരനും സുഹൃത്തും അമ്മാവനും ചേർന്ന് കാറിൽ കടത്തിക്കൊണ്ടുപോയതായാണ് പരാതി. യാത്രക്കിടയിൽ കാറിൽനിന്ന് രക്ഷപ്പെട്ട കിരൺ കടൽക്കര ലക്ഷ്യമാക്കി ഓടി.
ആഴിമലയിലെ പറക്കൂട്ടത്തിൽനിന്ന് കടലിലേക്ക് എടുത്തുചാടിയ കിരണിന്റെ മൃതദേഹം അഞ്ചാം നാൾ തമിഴ്നാട് കുളച്ചൽ ഇരയിമ്മൻതുറ തീരത്ത് കരക്കടിഞ്ഞു. കിരണിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയെടുത്ത വിഴിഞ്ഞം പൊലീസ് മുന്നുപേരെ അറസ്റ്റ് ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമെന്ന് കണ്ട അന്വേഷണ ഉദ്യോഗസ്ഥർ അസ്വാഭാവിക മരണത്തിന് കേസെടുത്തു. തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻഡിലായിരുന്ന പ്രതികൾ ജാമ്യത്തിലിറങ്ങിയശേഷം ചാർജ്ഷീറ്റ് കോടതിയിൽ സമർക്കാനിരിക്കെയാണ് ആത്മഹത്യയാണെന്ന വിവരം പുറത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.