പേപ്പട്ടിയുടെ തേർവാഴ്ച; കുട്ടികൾ ഉൾപ്പെടെ 22 പേരെ കടിച്ച് പരിക്കേൽപിച്ചു
text_fieldsവിഴിഞ്ഞം: തെരുവുനായ് ആക്രമണത്തിൽ പൊറുതിമുട്ടിയ അടിമലത്തുറ തീരവാസികളെ ഭീതിയിലാക്കി പേപ്പട്ടിയുടെ തേർവാഴ്ച. കളിച്ചുനിന്ന കുട്ടികൾ ഉൾപ്പെടെ 22 പേരെ കടിച്ച് പരിക്കേൽപിച്ചു. നിരവധി തെരുവുനായ്ക്കളെയും കടിച്ചുരുട്ടി. കോട്ടുകാൽ പഞ്ചായത്തിെൻറ തീരദേശ മേഖലയായ അമ്പലത്തുംമൂല, അടിമലത്തുറ മേഖലയിലാണ് സംഭവം.
ആക്രമണത്തിൽ രണ്ട് വയസ്സുകാരൻ ക്രിസ്റ്റിൻ ദാസ്, കെവിൻ (6), സാഫിയ സന്തോഷ് (7), സ്നേഹ (11), പ്രബിൻ (14), ലെറ്റീഷ (15), ആകാശ് (12) വിൽസൺ (37), കൊച്ചു (33), ജാവൻ ജാലീസ് (45), ഫ്രാൻസിസ് (86), ലതാ (43), വിനീഷ് (32), പുഷ്പം (33), സൗമ്യ (30), ശിലുവയ്യൻ (31), കുട്ടികളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ബിഹാർ സ്വദേശി ഉൾപ്പെടെ മറ്റ് ആറ് പേർക്കും കടിയേറ്റു. പുല്ലുവിള സർക്കാർ ആശുപത്രിയിൽ എത്തിച്ച ഇവരെ കൂടുതൽ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെ അടിമലത്തുറ വലിയഒലിപ്പിന് സമീപമാണ് ആക്രമണകാരിയായ നായ ആദ്യമെത്തിയത്. കണ്ണിൽ കണ്ടവരെയെല്ലാം കടി തുടങ്ങിയ നായ വീടുമുറ്റങ്ങളിൽ കളിക്കുകയായിരുന്ന കുട്ടികളെയും വെറുതെവിട്ടില്ല.
പ്രദേശത്തെ മുൾമുനയിൽ നിർത്തിയ നായയെ പിടികൂടാൻ നാട്ടുകാരിൽ ഒരുവിഭാഗം സംഘടിച്ചെത്തുന്നതിനിടയിൽ രക്ഷപ്പെട്ടു. ഇതോടെ ആൾക്കാർ കൂടുതൽ ഭീതിയിലായി. തുടർന്ന് ആരും പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും അടിയലത്തുറ ഇടവകയിൽനിന്ന് മൈക്കിലൂടെ ജനത്തിന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിനിടയിൽ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
ഇതിന് ശേഷം പഞ്ചായത്തധികൃതരുടെ നിർദേശപ്രകാരമെത്തിയ നായ്പിടിത്തക്കാർ ആക്രമണ സ്വഭാവമുള്ള അഞ്ചോളം നായ്ക്കളെ പിടികൂടി കൊണ്ടുപോയി. ഒരു മാസത്തിനിടയിൽ മേഖലയിലെ നിരവധി ആൾക്കാരെയാണ് തെരുവുനായ്ക്കൾ കടിച്ചത്. ഇതിനെതിരെ നടന്ന പ്രതിഷേധം തണുപ്പിക്കാൻ നേരത്തെയെത്തിയ നായ് പിടിത്തക്കാർ പിടികൂടിയ നിരവധി നായ്കളെ വന്ധ്യംകരിച്ച ശേഷം ഇവിടെ തുറന്ന് വിട്ടതും പ്രശ്നമായതായി നാട്ടുകാർ പറയുന്നു.
തിരികെയെത്തിച്ച നായ്ക്കൾക്ക് ശൗര്യം വർധിച്ചതായും പരാതി ഉയർന്നു. ഇതിനിടയിലാണ് പേപ്പട്ടിയുടെ ആക്രമണം. തീരദേശത്തെ തെരുവുനായ് ആക്രമണം തടയാൻ അധികൃതർ ശക്തമായ നടപടി എടുക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് അടിമലത്തുറ ക്രിസ്തുദാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.