മണ്ണിനടിയിൽ കുടുങ്ങി മഹാരാജൻ; പ്രതീക്ഷ കൈവിടാതെ നാട്
text_fieldsവിഴിഞ്ഞം: അവസാനവട്ട ദൗത്യവും പൂർത്തിയാക്കി കരകയറാനുള്ള ശ്രമത്തിനിടയിൽ മണ്ണിന് ഇളക്കംതട്ടി, രക്ഷപ്പെടാൻ സഹപ്രവർത്തകരുടെ മുന്നറിയിപ്പ് മാനിച്ച് നിവരുന്നതിനിടയിൽ കിണർ വലിയ ശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നു. നിമിഷങ്ങൾക്കുള്ളിൽ എല്ലാം അവസാനിച്ചു. വെങ്ങാനൂർ നീലകേശി റോഡ് നെല്ലിതറയിൽ മഹാരാജ(55)നാണ് മണ്ണിടിഞ്ഞ് വീണ് കിണറിൽ അകപ്പെട്ടത്. ഇദ്ദേഹത്തെ പുറത്തെടുക്കാൻ ശ്രമം രാത്രി വൈകിയും തുടരുന്നു.
ശനിയാഴ്ച രാവിലെ 7.30ഓടെയാണ് മഹാരാജനും മുക്കോല സ്വദേശികളായ മോഹൻ, കണ്ണൻ, ശേഖർ, പുന്നകുളം സ്വദേശി മണികണ്ഠൻ എന്നിവരുൾപ്പെട്ട തൊഴിലാളികൾ മുക്കോല സർവശക്തിപുരം റോഡിൽ സുകുമാരൻ എന്നയാളിന്റെ വീട്ടുവളപ്പിലെ 90 അടി ആഴമുള്ള കിണർ വൃത്തിയാക്കാനെത്തിയത്. ജോലി തുടരുന്നതിനിടെ രാവിലെ ഒമ്പതോടെയാണ് അപകടം.
കഴിഞ്ഞ ആഴ്ചയിൽ നാല് ദിവസത്തെ പണിക്ക് ശേഷം മഴ കണക്കിലെടുത്ത് നിർത്തിവെച്ച പ്രവൃത്തിയാണ് കിണർ ചതിക്കില്ലെന്ന വിശ്വാസത്തിൽ ശനിയാഴ്ച പുനഃരാരംഭിച്ചത്. 90 അടിയോളം താഴ്ചയുള്ള കിണറിനുള്ളിൽ നേരത്തെയുണ്ടായിരുന്ന 16 റിങ്ങുകൾക്കുപരി (ഉറ) പുതുതായി ഇറക്കിയ 15 റിങ്ങുകൾക്കിടയിൽ മണ്ണ് നിറക്കലായിരുന്നു ഇന്നലത്തെ പ്രധാന ദൗത്യം. ഇതോടൊപ്പം കിണറിൽ നേരത്തെ കുടുങ്ങിയ മോട്ടോറും പുറത്തെടുക്കണമായിരുന്നു.
പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചശേഷം മണ്ണ് നിറക്കാനുള്ള ശ്രമങ്ങൾ സംഘം ആരംഭിച്ചു. മണികണ്ഠനും മഹാരാജനും കിണറിനുള്ളിൽ ഇറങ്ങി ചെളിയിൽ പുതഞ്ഞുകിടന്ന മോട്ടോർ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പത്തടിയോളം ഉയരത്തിൽ വെള്ളം പൊങ്ങി. ദുഷ്കരമെന്ന് മനസ്സിലാക്കിയ ഇവർ മോട്ടോർ കരക്കെത്തിക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ച് പുറത്തുകടക്കാൻ ശ്രമിക്കവേയാണ് അപകടം.മുകളിൽനിന്നുള്ള മണ്ണിന് ഇളക്കംതട്ടുന്നതായി മനസ്സിലാക്കിയ മണികണ്ഠൻ മഹാരാജനോട് രക്ഷപ്പെടാൻ ആവശ്യപ്പെട്ടശേഷം വേഗത്തിൽ മുകളിലേക്ക് കയറി.
മഹാരാജനും അപകടം മനസ്സിലാക്കി മുകളിലേക്ക് കയറാൻ തുടങ്ങുന്നതിനിടയിൽ റിങ്ങുകൾ തകർത്ത മൺകൂന വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കിണർ ആഴത്തിന്റെ നേർപകുതിയായി മണ്ണ് ഉയർന്നു. നാൽപതടിയോളം ഉയരത്തിൽ മൂടിയ മണ്ണിനടിയിൽ മഹാരാജൻ അകപ്പെട്ടു. ഒന്നും ചെയ്യാനാകാതെ നിസ്സഹായരായ സഹപ്രവർത്തകരുടെ ഉച്ചത്തിലുള്ള വിളി കേട്ടെത്തിയ നാട്ടുകാർക്കും നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.
ഉപജീവനത്തിനായുള്ള കിണർപണിക്കിടയിൽ മണ്ണിനടിയിൽ അകപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞും പുറത്തെടുക്കാനാകാത്ത തൊഴിലാളിയുടെ ജീവനു വേണ്ടി നാട് മുഴുവൻ പ്രാർഥനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.