മുസ്തഫയും കൂട്ടരും അനുഭവിച്ചത് പത്ത് മാസത്തെ നരകയാതന
text_fieldsഅമ്പലത്തറ: യമനിൽ ഹൂതി വിമതരുടെ പിടിയിലായ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്തഫയും കൂട്ടരും അനുഭവിച്ചത് പത്തുമാസത്തെ നരകയാതന. നിറകണ്ണുകളോടെ മുസ്തഫയുടെ മടങ്ങി വരവും കാത്തിരിക്കുകയാണ് ഭാര്യ ഷാനിഫയും മൂന്ന് കുട്ടികളും.
ഉള്‍ക്കടലില്‍ ജംഗാർ മുങ്ങി മരണത്തെ മുഖാമുഖം കണ്ട് തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ട ഇവരെ അതിര്‍ത്തി ലംഘിച്ചതിെൻറ പേരിലാണ് ഹൂതികൾ തടങ്കലിലാക്കിയത്. 20 വര്‍ഷത്തിലധികമായി ഒമാനില്‍ ജോലിനോക്കുകയാണ് മുസ്തഫ. ലീവിന് നാട്ടിലെത്തിയ ശേഷം ഇൗ വർഷം ജനുവരി 29 നാണ് ഒമാനിലെ മസീറയിലേക്ക് ജംഗാറിെൻറ സ്രാങ്ക് ജോലിക്കായി പോയത്. ഫെബ്രുവരി നാലിന് സൗദിയില്‍ കമ്പനി കരാര്‍ എടുത്ത ജോലിക്കായി അവിടേക്ക് പുറപ്പെട്ടു. അഞ്ച് ബംഗ്ലാദേശ് പൗരന്മാരും ഒരു ഈജിപ്തുകാരനും 14 ഇന്ത്യക്കാരുമായി മൂന്ന് ജംഗാറുകളിലായിരുന്നു യാത്ര. ശക്തമായ കാറ്റിലും കോളിലും പെട്ട് മുസ്തഫ സഞ്ചരിച്ചിരുന്ന ജംഗാര്‍ മുങ്ങി. ജംഗാർ പൂർണമായും മുങ്ങുന്നതിനുമുമ്പ് മറ്റു ജംഗാറുകളിലുള്ളവർ ഇവരെ രക്ഷപ്പെടുത്തി. കടൽ അടങ്ങിയ ശേഷം യാത്ര തുടരാമെന്ന് കരുതി യമൻ തീരത്തുനിന്ന് 25 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് ജംഗാറുകള്‍ നങ്കൂരമിട്ടു. പിന്നാലെ, ഇൗ മേഖല നിയന്ത്രിക്കുന്ന ഹൂതി വിമതർ ഇവരെ പിടികൂടി. കണ്ണുകള്‍ കെട്ടി തലസ്ഥാനമായ സൻആയിൽ എത്തിച്ചു. ഇവരില്‍ നിന്ന് പാസ്പോര്‍ട്ടുകളും ഫോണുകളും പിടിച്ചെടുത്തു. ദിവസങ്ങൾ കഴിഞ്ഞതോടെ ഭക്ഷണമോ വെള്ളമോ കിട്ടാതെ ജീവിതം നരകതുല്യമായി. ഹൂതികള്‍ പിന്നീട് ജംഗാറിെൻറ ഉടമസ്ഥനെ ബന്ധപ്പെട്ട് മോചനദ്രവ്യം ആവശ്യപ്പെെട്ടങ്കിലും അയാൾ വഴങ്ങിയില്ല.
ഇതിനിടെ യമനിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥർ ഇവരെ സന്ദര്‍ശിച്ചു. കോണ്‍സൽ ജനറൽ ഇടപെട്ട് ഫോണുകൾ തിരികെ വാങ്ങി നൽകി. ഫോണ്‍ തിരിച്ചുകിട്ടിയ മുസ്തഫ നാട്ടിലുള്ള സഹോദരനെ വിളിച്ച് കാര്യങ്ങള്‍ അറിയിച്ചതോടെയാണ് ഇവരുടെ ദുരിതം വീട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ അധികൃതർക്ക് പരാതി നല്കി.
കഴിഞ്ഞ ദിവസം തങ്ങളുടെ മോചനത്തിന് വഴി തെളിെഞ്ഞന്നറിയിച്ച് മുസ്തഫ സഹോദരനെ വിളിച്ചിരുന്നു. തടവിലായിരുന്ന സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ അതിനുള്ള നടപടി ക്രമങ്ങള്‍ നടക്കുകയാണ്. 10 മാസമായി അനുഭവിക്കുന്ന ദുരിതം അവസാനിച്ച് മുസ്തഫ ഉടനെ മടങ്ങിയെത്തണമെന്ന പ്രാര്‍ഥനയിലാണ് ഭാര്യ ഷാനിഫയും പറക്കമുറ്റാത്ത മൂന്ന് മക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.