നോറോ വൈറസ്: ഉച്ചക്കട എൽ.എം.എസ് എൽ.പി സ്കൂളിൽ അതിജാഗ്രത
text_fieldsവിഴിഞ്ഞം: ഉച്ചക്കട എൽ.എം.എസ് എൽ.പി സ്കൂളിൽനിന്ന് ഭക്ഷ്യ വിഷബാധ സംശയിച്ച് ചികിത്സയിലിരുന്ന രണ്ടു വിദ്യാർഥികൾക്ക് നോറോ വൈറസ് ബാധയെന്ന് കണ്ടെത്തിയതിനെ തുടർന്ന് അതിജാഗ്രത. വയറിളക്കം അനുഭവപ്പെട്ട കുട്ടികളുടെ മലം തിരുവനന്തപുരം പബ്ലിക് ലാബിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
സമാന ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസം ആറുപേരും ഞായറാഴ്ച അഞ്ചു കുട്ടികളും ചികിത്സ തേടി എത്തിയതോടെ ആരോഗ്യ പ്രവർത്തകരും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും കൂടുതൽ ജാഗ്രതയിലായി. ആശാ പ്രവർത്തകരുടെ നേതൃത്വത്തിൽ രോഗം കണ്ടെത്തിയ മേഖലകളിൽ ക്ലോറിനേഷനും, ജനങ്ങളെ ബോധവത്കരിക്കലും നടത്തിവരുകയാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
പെട്ടെന്ന് പടർന്നു പിടിക്കുന്ന നോറ വൈറസുകളെ ചെറുക്കുന്നതിനുള്ള മാർഗങ്ങളുമായി ഉന്നതതല സംഘവും ഉടൻ സ്ഥലം സന്ദർശിക്കുമെന്നും അറിയുന്നു. നിലവിൽ വീടുകളിലുള്ള കുട്ടികളുടെ ആരോഗ്യസ്ഥിതി ആരോഗ്യ വകുപ്പ് അധികൃതർ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ ഭക്ഷ്യ സുരക്ഷാ വിഭാഗം കോവളം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ സി.വി. ജയകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘം സ്കൂളിൽ പരിശോധന നടത്തി അരി, വെള്ളം, മസാലപ്പൊടി അടക്കമുള്ളവയുടെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ അനലിറ്റിക്കൽ ലാബിൽ അയച്ചിരിക്കുകയാണ്.
ഇതിന്‍റെ ഫലം വെള്ളിയാഴ്ചയോടെ ലഭിക്കുമെന്നാണ് കരുതുന്നത്. നിലവിൽ ബാലരാമപുരം, വെങ്ങാനൂർ പഞ്ചായത്തുകളിലെ മുഴുവൻ തട്ടുകടകളിലും ഹോട്ടലുകളിലും പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. വടക്കൻ കേരളത്തിൽ നേരത്തേ റിപ്പോർട്ട് ചെയ്ത നോറോ വൈറസ് ബാധ ആദ്യമായാണ് തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.