ഇടവേളകളോ വിശ്രമമോ ഇല്ലാതെ രക്ഷാപ്രവർത്തനം
text_fieldsവിഴിഞ്ഞം: ഓരോ മണിക്കൂർ ചെല്ലും തോറും രക്ഷാപ്രവർത്തനത്തിന്റെ കാഠിന്യം വർധിക്കുമ്പോഴും നാട്ടുകാരും ഫയർഫോഴ്സും കൈവിടാൻ തയാറായിരുന്നില്ല. കിണറ്റിനുള്ളിൽ മഹാരാജൻ അകപ്പെട്ട് ഒരു ദിവസം പിന്നിട്ടെങ്കിലും ഇടവേളകളോ വിശ്രമമോ ഇല്ലാതെ രക്ഷാപ്രവർത്തനം നടത്തി. വിഴിഞ്ഞം, ചാക്ക, ചെങ്കൽചൂള നിലയങ്ങളിലെ അമ്പതോളം ഫയർഫോഴ്സ് സംഘത്തിനൊപ്പം പ്രദേശത്തെ കിണർ നിർമാണ തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.
സംഭവം നടന്ന സർവശക്തിപുരത്തെ നാട്ടുകാരിൽ പലരും കിണർ നിർമാണ തൊഴിലിൽ ഏർപ്പെടുന്നവരാണ്. അതിനാൽ രക്ഷാപ്രവർത്തനം നടത്തുന്നതിൽ ഇവർക്ക് പ്രധാന പങ്ക് ഫയർഫോഴ്സ് നൽകി. ഇവരാണ് മാറി മാറി കിണറ്റിനുള്ളിലിറങ്ങി മണ്ണ് നീക്കം ചെയ്യുന്നത്. അപകട സാധ്യതയുണ്ടെങ്കിലും ഫയർഫോഴ്സ് സംഘത്തിന്റെ സഹായത്തോടെയാണ് മണ്ണ് നീക്കം ചെയ്യുന്നത്. രണ്ടുപേർ വെച്ചാണ് കിണറ്റിലിറങ്ങി മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുന്നത്. നീരൊഴുക്ക് അധികമായതിനാൽ പെട്ടെന്ന് കിണറ്റിൽ വെള്ളം നിറയുന്നുണ്ട്. ഇത് നീക്കം ചെയ്യാൻ രണ്ടു പമ്പ് സെറ്റുകൾ കിണറ്റിലിറക്കിയിട്ടുണ്ട്.
കിണറ്റിനുള്ളിലെ ആവി നീക്കം ചെയ്യുന്നതിനും മറ്റുമായി ബ്ലോവർ സംവിധാനവുമൊരുക്കിയിട്ടുണ്ട്. കിണറ്റിനുള്ളിൽ മണ്ണ് നീക്കുന്നവർക്ക് കരയുമായി ബന്ധപ്പെടാൻ മൈക്ക് കിണറ്റിലിറക്കിയിട്ടുണ്ട്. ഇവർ നൽകുന്ന നിർദേശങ്ങൾ കരയിൽ സ്ഥാപിച്ചിട്ടുള്ള സ്പീക്കർ വഴി മറ്റുള്ളവർക്ക് അറിയാൻ കഴിയും. രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സമീപ സ്ഥലങ്ങളിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.