കടലിൽ കുടുങ്ങിയ 14 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsവിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ എൻജിൻ കേടായി അതിർത്തിക്കപ്പുറം കടലിൽ കുടുങ്ങിയ 14 മത്സ്യത്തൊഴിലാളികളെ ബ്രിട്ടീഷ് ബോട്ട് രക്ഷപ്പെടുത്തി വിഴിഞ്ഞം കോസ്റ്റ് ഗാർഡിന് കൈമാറി. ബ്രിട്ടീഷ് ബോട്ടിൽ കുളച്ചലിൽ ഉൾക്കടലിലെത്തിച്ചാണ് വിഴിഞ്ഞം കോസ്റ്റ് ഗാർഡിന് കൈമാറിയത്. തേങ്ങാപട്ടണത്തുനിന്ന് നവംബർ 26ന് തമിഴ്നാട് സ്വദേശിയായ വർഗീസിന്റെ ക്രിഷമോൾ എന്ന ബോട്ടിൽ ബോട്ടുടമക്കൊപ്പം മത്സ്യബന്ധനത്തിനിറങ്ങിയ 14 പേരാണ് എൻജിൻ തകരാറിനെതുടർന്ന് കടലിൽ കുടുങ്ങിയത്.
മലയാളികളായ ഒമ്പത് പേരും തമിഴ്നാട് സ്വദേശികളായ അഞ്ചുപേരും അടങ്ങിയ സംഘത്തെയാണ് വിദേശകപ്പൽ രക്ഷപ്പെടുത്തി കൈമാറിയത്. പെരുമാതുറ സ്വദേശി സെബാസ്റ്റ്യൻ (56), മരിയനാട് പുതുവൽ പുരയിടത്തിൽ ബിജു ജോസഫ്(46), ലീൻ ജോസഫ് (52), വിഴിഞ്ഞം സ്വദേശികളായ ജൂസ (41), അഗസ്ത്യൻ (50), എഡിസൺ (44), പുതിയതുറ വലിയതോപ്പ് തെക്കേകര സ്വദേശികളായ ഇഗ്നേഷ്യസ് (43), മാർട്ടിൻ (44), പുല്ലുവിള കിണറ്റടി വിളാകം സ്വദേശി ജോർജ് (43), തമിഴ്നാട് ധർമപുരി മല്ലിക്കാടിൽ ചിന്നയ്യൻ (36), കന്യാകുമാരി സ്വദേശികളായ ആന്റണി (48), ബിജു (36), തമിഴ്നാട് തുത്തൂർ സ്വദേശികളായ ആന്റണി ദാസൻ (45), ടൈറ്റസ് (43) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
മത്സ്യബന്ധനം നടത്തിയുള്ള സഞ്ചാരത്തിനിടെ കഴിഞ്ഞ ഡിസംബർ 15ന് ഇന്ത്യൻ ആഴക്കടലിൽ ഇവരുടെ ബോട്ടിലുണ്ടായിരുന്ന എൻജിനുകൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് കടലിൽ നങ്കൂരമിട്ട് കിടന്നെങ്കിലും ശക്തിയായ കാറ്റിലും മഴയിലും പെട്ട് നങ്കൂരം പൊട്ടിയതോടെ ബോട്ട് ദിശയറിയാതെ ഒഴുകി ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറിയിലെ സലോമൻ ദീപുകൾക്ക് സമീപമെത്തി. അതുവഴിയെത്തിയ മറ്റ് ബോട്ടുകളോട് സഹായം അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ സമയത്ത് അതുവഴിയെത്തിയ ചെറിയ ശ്രീലങ്കൻ ബോട്ട് സഹായ സന്നദ്ധത അറിയിച്ചെങ്കിലും ചെറിയ ബോട്ടായതിനാൽ സഹായനീക്കം വിജയിച്ചില്ല. ഇതോടെ തകരാറിലായ എൻജിന് പകരം മറ്റൊരു എൻജിൻ എത്തിക്കാനായി ബോട്ടിന്റെ ഉടമസ്ഥനായ വർഗീസ് ശ്രീലങ്കൻ സ്വദേശിയുടെ ബോട്ടിൽ കരയിലേക്ക് പുറപ്പെട്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇതിനിടെ വീണ്ടും ശക്തമായ കടൽക്ഷോഭം അനുഭവപ്പെട്ടതോടെ ഡിസംബർ 22ന് തൊഴിലാളികൾ ബോട്ടിലുണ്ടായിരുന്ന പണിമുടക്കിയ രണ്ട് എൻജിനുകളും ഭക്ഷ്യ സാധനങ്ങളുമെടുത്ത് ഇവരുടെ ബോട്ടിലുണ്ടായിരുന്ന ചെറിയ ബോട്ടിൽ കയറി ആളൊഴിഞ്ഞ സലോമൻ ദ്വീപിൽ എത്തി.
ദിവസങ്ങൾ കഴിഞ്ഞതോടെ ഭക്ഷണവും വെള്ളവും തീർന്ന് അവശരായ മത്സ്യത്തൊഴിലാളികൾ ദ്വീപിന് സമീപത്തുകൂടെ കടന്നുപോയ കപ്പലുകളെ ചുവന്ന തുണി വീശിക്കാണിച്ച് സഹായമഭ്യർഥിക്കുന്നത് കണ്ടാണ് ഗ്രാംബിയൻ എൻഡുറൻസ് എന്ന ബ്രിട്ടീഷ് കപ്പൽ സഹായവുമായെത്തിയതെന്നും കഴിക്കാൻ ഭക്ഷണവും വെള്ളവും നൽകിയെന്നും തൊഴിലാളികൾ പറഞ്ഞു. തുടർന്ന് ഇന്ത്യയിലെ മുംബൈയിലെ മാരിടൈം റെസ്ക്യൂ ആൻഡ് കൺട്രോൾ സെന്ററിൽ വിവരമറിയിച്ചു. അവിടെനിന്ന് വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് സെന്ററിൽ വിവരം നൽകിയതോടെ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് സ്റ്റേഷനിൽനിന്ന് ബ്രിട്ടീഷ് കപ്പലായ ഗ്രാംമ്പ്യൻ എൻഡുറൻസ് കപ്പൽ അധികൃതരുമായി ബന്ധപ്പെട്ടാണ് മത്സ്യത്തൊഴിലാളികളെ കുളച്ചലിൽ ഉൾക്കടലിൽവെച്ച് കൈമാറാൻ തീരുമാനിച്ചത്.
ഡിസംബർ 27ന് 14 മത്സ്യത്തൊഴിലാളികളെയും കയറ്റി യാത്രയാരംഭിച്ച ഗ്രാംമ്പ്യയൻ എൻഡുറൻസ് കപ്പൽ ഇന്നലെ പുലർച്ച ശ്രീലങ്കയും ഇന്ത്യയും അതിർത്തി പങ്കിടുന്ന ആഴക്കടലിലെത്തുകയായിരുന്നു. തുടർന്ന് സി.441 എന്ന പട്രോൾ ബോട്ടിൽ വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ ജി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ബോട്ട് ക്യാപ്റ്റൻ നിതിൻ ജുഗ്റാൻ ഉൾപ്പെട്ട സംഘം ഇന്നലെ രാവിലെ എത്തി കുളച്ചൽ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ ഉള്ളിൽ നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് കപ്പലിൽനിന്ന് മത്സ്യത്തൊഴിലാളികളെ ഏറ്റുവാങ്ങി. ഉച്ചക്ക് 12ന് വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡ് സ്റ്റേഷനിലെത്തിച്ച തൊഴിലാളികളുടെ വൈദ്യപരിശോധനയും ചോദ്യം ചെയ്യലും പൂർത്തിയാക്കി വിഴിഞ്ഞം തീരദേശ പൊലീസിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ച് കടലിൽ മത്സ്യത്തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ സംശയിക്കത്തക്കതോ അസ്വാഭാവികതയോ ഒന്നുമില്ലെന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.