വിഴിഞ്ഞത്ത് സീസൺ തുടക്കം; പ്രതീക്ഷയോടെ പരമ്പരാഗത മത്സ്യതൊഴിലാളികൾ
text_fieldsവിഴിഞ്ഞം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ വിഴിഞ്ഞത്ത് മത്സ്യബന്ധന സീസണ് തുടക്കമായി. വൻകിട മത്സ്യബന്ധന യാനങ്ങൾ ഒഴിഞ്ഞ കടൽ ഇനിയുള്ള 58 ദിവസങ്ങളിൽ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് മാത്രമായി ലഭിക്കുമെന്നതാണ് പ്രതീക്ഷ നൽകുന്നത്. സീസൺ ആരംഭിക്കുന്ന വേളയിൽ ചുഴലിക്കാറ്റാണ്മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾക്ക് മുകളിൽ ആശങ്ക പരത്തുന്നത്.
വർഷകാലത്ത് പ്രക്ഷുബ്ധമാകുന്ന കടലിൽ താരതമ്യേന ശാന്തമായ അന്തരീക്ഷമാണ് വിഴിഞ്ഞത്ത് അനുഭവപ്പെടുന്നത്. ജില്ലയിലെ വിവിധ തീരങ്ങളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി വള്ളങ്ങളും മത്സ്യതൊഴിലാളികളുമാണ് വിഴിഞ്ഞത്ത് എത്തിയിരിക്കുന്നത്. കടക്കെണിയിലായ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഒരു വർഷത്തെ ദുരിതത്തിന് അറുതി വരുത്താനും കടം വീട്ടാനുമുള്ള അവസരമായാണ് വിഴിഞ്ഞത്തെ മത്സ്യബന്ധന സീസനെ കാണുന്നത്.
സീസൺ അനുബന്ധിച്ചുള്ള അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ സബ് കലക്ടർ ഡോ. അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരയും ഇടവക, ജമാഅത്ത് ഭാരവാഹികളെയും മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ഉൾപ്പെടുത്തി അവലോകനയോഗവും നടത്തി.
വിഴിഞ്ഞം തുറമുഖ കവാടത്തിൽ കൂടിക്കിടക്കുന്ന മണൽ ഡ്രഡ്ജ് ചെയ്ത് മാറ്റണമെന്ന ആവശ്യം പഠിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിഴിഞ്ഞം ഐ.ബിയിൽ നടന്ന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ പനിയടിമ ജോൺ, നിസാമുദീൻ, ഫിഷറീസ് അഡീഷനൽ ഡയറക്ടർ ജയന്തി, ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഷീജാമേരി.
ഹാർബർ എൻജിനീയറിങ് എക്സിക്യൂട്ടീവ് എൻജിനീയർ അനിൽകുമാർ, എ.എക്സ്.ഇ രാധാകൃഷ്ണൻ, വിസിൽ പ്രതിനിധി സന്തോഷ് സത്യപാലൻ, ഇടവക ഭാരവാഹികളായ ആന്റണി, സെൽട്ടൺ, ജമാത്ത് ഭാരവാഹികളായ ഡോ.എച്ച് എ.റഹ്മാൻ, യു. സുധീർഅദാനി ഗ്രൂപ്പ് പ്രതിനിധി ഹെബിൻ, കോസ്റ്റൽ പൊലീസ്, വിഴിഞ്ഞം പൊലീസ്, എക്സൈസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.