ഉടുമ്പൻ സ്രാവ് കരക്കടിഞ്ഞു; കടലിലേക്ക് മടക്കാനുള്ള ശ്രമം വിഫലം
text_fieldsവിഴിഞ്ഞം: അടിമലത്തുറയിൽ രണ്ടായിരം കിലോയിലധികം ഭാരമുള്ള കൂറ്റൻ ഉടുമ്പൻ സ്രാവ് കരക്കടിഞ്ഞു. കടലിലേക്ക് തിരിച്ചുവിടാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം ഫലം കണ്ടില്ല.
ചൊവ്വാഴ്ച പുലർച്ചയോടെയാണ് സ്രാവിനെ കണ്ടത്. മണിക്കൂറുകളോളം പിടഞ്ഞ സ്രാവ് ഒടുവിൽ ചത്തു. തിരയടിയിൽപെട്ട് മണലിൽ പുതഞ്ഞ സ്രാവിനെ തിരമുറിച്ച് കടത്താൻ മത്സ്യത്തൊഴിലാളികൾ രാവിലെ മുതൽ ശ്രമം നടത്തി. ഒടുവിൽ വള്ളത്തിൽ കെട്ടിവലിച്ച് കടലിൽ ഇറക്കിയെങ്കിലും തിരയിൽപെട്ട് വീണ്ടും കരയിൽ തിരിച്ചെത്തി. ചെകിളയിൽ മണൽ നിറഞ്ഞതോടെ നിമിഷങ്ങൾക്കുള്ളിൽ ചത്തു. പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസിലെ ബീറ്റ് ഓഫിസർ റോഷ്നിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പോസ്റ്റ്മോർട്ടത്തിനുശേഷം സ്രാവിനെ സമീപത്ത് കുഴിച്ചുമൂടി.
അടുത്ത കാലത്തായി ജില്ലയുടെ തീരത്ത് നിരവധി ഉടുമ്പൻ സ്രാവുകൾ കരക്കടിഞ്ഞു. ഉൾക്കടലിൽ മാത്രം വസിക്കുന്ന ഇത്തരം മത്സ്യങ്ങൾ ഇരതേടി തീരത്തേക്ക് വരുന്നതാണ് അപകടങ്ങളിൽപെടാൻ കാരണം. തിരയിൽപെടുന്ന ഇവയുടെ ചെകിളയിൽ മണൽ കയറുന്നതോടെ ദിശതെറ്റി തീരത്ത് അടിയുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.