ദൗത്യം പൂർത്തിയാക്കി ‘ഷെൻഹുവ’ മടങ്ങി
text_fieldsവിഴിഞ്ഞം: തുറമുഖത്ത് ക്രെയിനുകളുമായെത്തിയ ചൈനീസ് കപ്പൽ ‘ഷെൻഹുവ’ ദൗത്യം പൂർത്തിയാക്കി വിഴിഞ്ഞം തീരം വിട്ടു. പതിമൂന്ന് ദിവസത്തെ നങ്കൂരത്തിനുശേഷം തുറമുഖ നിർമാണത്തിനുള്ള മൂന്ന് ക്രെയിനുകളും ഇറക്കിയശേഷം വ്യാഴാഴ്ച വൈകുന്നേരം നാലോടെയാണ് തീരം വിട്ടത്. സുരക്ഷക്കായി തീരദേശ പൊലീസ് വാടകക്കെടുത്ത ഒമ്പത് മത്സ്യബന്ധന വള്ളങ്ങളും അദാനിയുടെ വക ഡോൾഫിൻ - 41 എന്ന കൂറ്റൻ ടഗ്ഗും തീരത്തിനും 12 നോട്ടിക്കൽ മൈൽ അപ്പുറത്തുള്ള അന്താരാഷ്ട്ര കപ്പൽ ചാൽവരെ അകമ്പടി സേവിച്ചു. മാനുഷികതടസ്സങ്ങളോ പ്രതിഷേധങ്ങളോ ഇല്ലാതെ ജോലി പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ കേരളക്കരക്ക് നന്ദിയറിയിച്ച ശേഷമാണ് ചൈനീസ് സംഘം മടങ്ങിയത്. കേരളത്തിന്റെ സമുദ്രാതിർത്തിയായ പന്ത്രണ്ട് നോട്ടിക്കൽ ഉൾക്കടൽവരെ വിഴിഞ്ഞം കോസ്റ്റൽ സി.ഐ പ്രദീപ്, എസ്.ഐ ഗിരീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസുകാരും കോസ്റ്റൽ വാർഡന്മാരുമടങ്ങുന്ന 36 അംഗ സംഘം സുരക്ഷയൊരുക്കി. ഒരു മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ കപ്പൽ ചാനലിൽ എത്തിയ ഷെൻഹുവയെ മടക്കി അയച്ചശേഷം അകമ്പടിക്കാർ തിരിച്ചെത്തി.
15 ന് മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രമന്ത്രിയും എം.പിയും എം.എൽ.എയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ആകാശത്ത് വർണം വിതറിയുള്ള ആഘോഷമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് കപ്പൽ അന്താരാഷ്ട്ര തുറമുഖത്ത് നിർമിച്ച ബർത്തിൽ അടുത്തത്. പ്രതികൂല കാലാവസ്ഥയും കടൽക്ഷോഭവും അവഗണിച്ച് ജോലി കഴിഞ്ഞ ദിവസം പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.