മയക്കുമരുന്നും തോക്കുകളുമായി പിടിയിലായ ശ്രീലങ്കൻ ബോട്ടുകൾ വിഴിഞ്ഞത്തെത്തിച്ചു
text_fieldsവിഴിഞ്ഞം: ലക്ഷദ്വീപിന് സമീപം 300 കിലോ ഹെറോയിനും 5 എ.കെ 47 തോക്കുകളും 1000 വെടിയുണ്ടകളുമായി പിടിയിലായ മൂന്ന് ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുകളും അതിലുണ്ടായിരുന്നു 19 പേരെയും തീരസംരക്ഷണ സേന വിഴിഞ്ഞത്തെത്തിച്ചു. 3000 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് ഇവരിൽനിന്ന് പിടികൂടിയിരിക്കുന്നത്.
ബോട്ടിലുണ്ടായിരുന്നവരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ 18നാണ് ബോട്ടുകൾ തീരസംരക്ഷണ സേന പിടികൂടിയത്. ലക്ഷദ്വീപിന് സമീപം ദുരൂഹ സാഹചര്യത്തിൽ കണ്ട ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടായ നീലിയ ആണ് ആദ്യം പിടിയിലായത്. പരിശോധനയിൽ ബോട്ടിൽ മത്സ്യം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. ഇതിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മറ്റ് രണ്ട് ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടുകൾ കണ്ടെത്തിയത്. ഇരു ബോട്ടിലുണ്ടായിരുന്നവരുടെയും മൊഴികളിൽ സംശയം തോന്നിയ തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് രവിഹൻസി എന്ന ബോട്ടിൽനിന്ന് മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്തത്.
രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ബോട്ടുകളുടെ അടിവശത്ത് രഹസ്യ അറകളുണ്ടോയെന്ന് പരിശോധിക്കുമെന്ന് തീരസംരക്ഷണസേന അറിയിച്ചു. ഒരു വർഷത്തിനിടെ 4900 കോടി രൂപ വില മതിക്കുന്ന 1.6 ടൺ ലഹരിമരുന്നാണ് തീരസംരക്ഷണ സേന കടലിൽനിന്ന് പിടികൂടിയത്. സേന പ്രവർത്തനം ആരംഭിച്ചശേഷം ഇതുവരെ 10,952 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.