മറവ് ചെയ്ത നായ്ക്കളുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
text_fieldsവിഴിഞ്ഞം: നഗരസഭയുടെ കീഴിലെ വന്ധ്യംകരണ കേന്ദ്രത്തിൽ നായ്ക്കളെ വിഷംകൊടുത്ത് കൊന്നെന്ന മൃഗസ്നേഹി കൂട്ടായ്മയുടെ പരാതിയിൽ മറവുചെയ്ത നായ്ക്കളുടെ ജഡം പുറത്തെടുത്തു.
നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവ് അനുസരിച്ച് രാവിലെ പത്തോടെ ആർ.ഡി.ഒയുടെ നിർദേശപ്രകാരമെത്തിയ ലാൻഡ് അക്വിസിഷൻ സ്പെഷൽ തഹസിൽദാർ കെ. രമേഷ്കുമാർ, കോവളം പൊലീസ് ഇൻസ്പെക്ടർ ജി. പ്രൈജു എന്നിവരുടെ സാന്നിധ്യത്തിലാണ് 10 നായ്ക്കളുടെ ജഡം പുറത്തെടുത്തത്. പി.എം.ജിയിലെ ജില്ല വെറ്ററിനറി കേന്ദ്രത്തിലെ ക്ലിനിക്കൽ ലാബിലെ ഡോ. ഹരീഷ്, എപ്പിഡെമിറ്റോളജിസ്റ്റ് ഡോ. ആൻ മേരി, വിഴിഞ്ഞം മൃഗാശുപത്രിയിലെ ഡോ. ടി. ഗോപകുമാർ എന്നിവരാണ് പോസ്റ്റ്േമാർട്ടം നടത്തിയത്. പുറത്തെടുത്ത ജഡങ്ങളിൽനിന്ന് മാംസ ഭാഗങ്ങളും വൃക്കകളും കുടൽഭാഗങ്ങളും ശേഖരിച്ചു. ഇവ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് സെൻററിലേക്ക് വിദഗ്ധ പരിശോധനക്ക് അയക്കുമെന്ന് മെഡിക്കൽ സംഘം അറിയിച്ചു.
പരിശോധനയിൽ നായ്ക്കൾ ചത്തത് വിഷാംശം മൂലമാണെങ്കിൽ വന്ധ്യംകരണം സെൻററിലെ ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കോവളം ഇൻസ്പെക്ടർ ജി. പ്രൈജു പറഞ്ഞു. കൗൺസിലർ വി. പ്രമീളയും മൃഗസ്നേഹി കൂട്ടായ്മയിലെ അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. തിരുവല്ലം വണ്ടിത്തടത്ത് പ്രവർത്തിക്കുന്ന നഗരസഭയുടെ എ.ബി.സി സെൻററിനെതിരായ പരാതിയിലാണ് കോടതി ഉത്തരവനുസരിച്ചുള്ള നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.