കാറിൽ ഒളിപ്പിച്ച വിഗ്രഹം പിടികൂടി
text_fieldsവിഴിഞ്ഞം: കാറിൽ ഒളിപ്പിച്ച നടരാജ വിഗ്രഹവും ഇതുമായി എത്തിയ രണ്ടുപേരെയും വിഴിഞ്ഞം പൊലീസ് പിടികൂടി. ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം വൈകീട്ട് വിഴിഞ്ഞം ഉച്ചക്കടയിൽ നിന്നാണ് 45 കിലോ ഭാരമുള്ള പിച്ചളയിൽ നിർമിച്ച വിഗ്രഹം പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ഉച്ചക്കട സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു. ഡൽഹിയിൽ നിർമിച്ച വിഗ്രഹം കോവളത്തെ കരകൗശല വസ്തു വിൽപനക്കാരനിൽനിന്ന് ആറാലുംമൂട് സ്വദേശികളായ രണ്ടുപേർ 40,000 രൂപക്ക് വാങ്ങി. ഇവർ ചൊവ്വരയിലെ കച്ചവടക്കാരന് വിറ്റ വിഗ്രഹം തങ്ങളെ വിൽക്കാൻ ഏൽപിച്ചെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്. കോവളത്ത് വിദേശികളെ ലക്ഷ്യമിട്ട് എത്തിച്ചതാകാമെന്നാണ് കരുതുന്നത്.
കോവിഡ് കാലമായതിനാൽ വിദേശികളുടെ വരവ് തീരെ ഇല്ലാത്തതിനാൽ പുരാവസ്തു എന്ന പേരിൽ മറ്റാരെയെങ്കിലും കബളിപ്പിക്കാനുള്ള ശ്രമം നടന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഗ്രഹത്തിന് അമ്പത് വർഷത്തെ പഴക്കമുണ്ടെന്നാണ് പിടിയിലായവർ പറഞ്ഞത്. വിഗ്രഹം കോടതിയിൽ ഹാജരാക്കി. ഇനി അപേക്ഷ നൽകി കോടതിയിൽനിന്ന് തിരികെ വാങ്ങി കാലപ്പഴക്കമടക്കം പുരാവസ്തുവിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.