ടഗ്ഗിൽനിന്ന് മുങ്ങിയ കശ്മീർ സ്വദേശി പൊലീസിന് മുന്നിൽ ഹാജരായി
text_fieldsവിഴിഞ്ഞം: വിഴിഞ്ഞത്ത് നങ്കൂരമിട്ട ടഗ്ഗിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ സ്ഥലംവിട്ട കശ്മീർ സ്വദേശി മൻദീപ് സിങ് ചൊവ്വാഴ്ച പൊലീസിന് മുന്നിൽ ഹാജരായി. അന്താരാഷ്ട്ര കപ്പലിൽ ജോലിക്ക് പ്രവേശിക്കാനായി രേഖകൾ ഹാജരാക്കാൻ മുംബൈക്ക് പോയതാണെന്നും ടഗ്ഗിെൻറ ഗോവയിലുള്ള അധികൃതർ അവധി അനുവദിക്കാത്തതുകൊണ്ടാണ് രഹസ്യമായി സ്ഥലംവിട്ടതെന്നുമാണ് മൻദീപ് സിങ് നൽകിയ മൊഴി.
എന്നാൽ, ഇമിഗ്രേഷൻ അധികൃതരുടെ തിരിച്ചറിയൽ രേഖകൾ പരിശോധനക്കുന്നതിനിടയിൽ ആൾമാറാട്ടത്തിന് പിടിയിലായ ഉത്തർപ്രദേശ് സ്വദേശി ഹിമാൻഷു സിങ് പൊലീസിന് നൽകിയ മൊഴിയിൽ, ടഗ്ഗ് അധികൃതരുടെ അനുവാദത്തോടെയാണ് മൻദീപ് നാട്ടിൽ പോയതെന്നാണുള്ളത്. ടഗ്ഗിലെ ജീവനക്കാരായ രണ്ടുപേരെ ഇറക്കാനും പകരം രണ്ടുപേരെ കയറ്റാനുമുള്ള അനുവാദം തേടി ഏജൻസി അധികൃതർ ഇമിഗ്രേഷൻ വകുപ്പിനും പോർട്ട് അധികൃതർക്കും നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ 21ന് പരിശോധന നടന്നത്.
പരിശോധനയിൽ മൺദീപ് സിങ്ങിന് പകരം ഹിമാൻഷു സിങ്ങാണ് പങ്കെടുത്തത്. ഏജൻസി അറിയാതെയാണ് മൺദീപ് സിങ് മുങ്ങിയതെങ്കിൽ ഹിമാൻഷു സിങ് എങ്ങനെ പകരക്കാരനായി എമിഗ്രേഷൻ അധികൃതരുടെ മുന്നിലെത്തിയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല. വിഴിഞ്ഞത്തുനിന്ന് മുങ്ങിയശേഷം മൻദീപ് സിങ് ഫോൺ സ്വിച്ച് ഓഫാക്കിയതിനാൽ ഇയാളെ ബന്ധപ്പെടാനുള്ള പൊലീസിെൻറ ശ്രമം വിജയിച്ചില്ല.
ഒടുവിൽ ഗോവയിൽനിന്നുള്ള ടഗ്ഗ് അധികൃതരെ അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് മൺദീപ് മടങ്ങിയെത്തിയത്. ഇതും ദുരൂഹതയുയർത്തുന്നു. നാട്ടിലേക്ക് മടങ്ങിയ മാസ്റ്റർ ഉൾപ്പെടെ ടഗ്ഗിലെ എല്ലാ ജീവനക്കാരെയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിഴിഞ്ഞം സി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.