കടൽചുഴിയിൽപെട്ട വിദ്യാർഥിക്ക് രക്ഷകരായി യുവാക്കൾ
text_fieldsവിഴിഞ്ഞം: കാൽ നനക്കാൻ കടലിൽ ഇറങ്ങി ചുഴിയിൽപെട്ട വിദ്യാർഥിയെ യുവാക്കൾ രക്ഷപ്പെടുത്തി. വെണ്ണിയൂർ സരസ്വതി നിവാസിൻ ആദിത്യനെ (18) ആണ് യുവാക്കൾ കടലിൽ ചാടി രക്ഷപ്പെടുത്തിയത്.
വിഴിഞ്ഞം പള്ളിത്തുറ സ്വദേശികളായ രതീഷ്, ജസ്റ്റിൻ, രാഹുൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അമ്മയുടെ സഹോദരന്റെ വീടായ നെടുമങ്ങാട് നിന്ന് നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന ആദിത്യൻ അവധി ദിനമായ ഇന്നലെ വെണ്ണിയൂരിലെ വീട്ടിലേക്കുള്ള യാത്രക്കിടെ വിഴിഞ്ഞത്തെത്തി. ഉച്ചയോടെ വിഴിഞ്ഞം നോമാൻസ് ലാൻഡിൽ എത്തിയ ആദിത്യൻ ബാഗും ചെരുപ്പും കരയിൽ വച്ചശേഷം കാൽ നനക്കാൻ കടലിൽ ഇറങ്ങി.
തിരയടിയിൽ വീണ് ചുഴിയിൽ അകപ്പെട്ടു. നീന്താൻ വശമില്ലാത്തതിനാൽ കൈകൾ ഉയർത്തി വെള്ളത്തിൽ അടിച്ച് രക്ഷക്കായി ശ്രമിച്ചെങ്കിലും സമീപപ്രദേശത്ത് ആരുമുണ്ടായിരുന്നില്ല.
ഈ സമയം കരയിലൂടെ ബൈക്കിൽ സഞ്ചരിച്ച യുവാക്കളുടെ ശ്രദ്ധയിൽപെട്ടു. കടലിൽ വലവീശിയ ശേഷം മീൻ കുടുങ്ങാൻ വെള്ളത്തിൽ മത്സ്യത്തൊഴിലാളികൾ കൈ കൊണ്ടടിക്കുന്നത് പതിവായതിനാൽ ഇവർ ആദ്യം ഇത് കാര്യമായെടുത്തില്ല. നോക്കിനിൽക്കുന്നതിനിടെ ആദിത്യൻ ആഴങ്ങളിലേക്ക് താഴുന്നതായി കണ്ടതോടെ അപകടം മനസിലാക്കിയ യുവാക്കൾ കടലിലേക്ക് എടുത്ത് ചാടി.
താഴ്ന്ന് കൊണ്ടിരുന്ന ആദിത്യനെ ഉയർത്തിയെടുത്ത് കരയിൽ എത്തിച്ചു. യുവാക്കൾ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനിടെ എത്തിയ തീരദേശ പൊലീസ് ആംബുലൻസ് വരുത്തി ആദിത്യനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. മത്സ്യബന്ധന വള്ളങ്ങൾ അടുപ്പിക്കുന്ന നോമാൻസ് ലാൻഡ് ഭാഗത്തെ കടൽ കാഴ്ചയിൽ സുരക്ഷിതമെന്ന് തോന്നുമെങ്കിലും തിരയടിയും ആഴവും ചുഴിയുമുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.