വിഴിഞ്ഞത്തെ കൊലപാതക പരമ്പര; ചോദ്യംചെയ്യലിൽ നിർണായക വിവരങ്ങൾ
text_fieldsവിഴിഞ്ഞം: വിഴിഞ്ഞത്തെ കൊലപാതക പരമ്പരയിലെ പ്രതികളെ ചോദ്യംചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്. മുല്ലൂരിൽ ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിനു മുമ്പേ പ്രതികളുടെ വിലപിടിപ്പുള്ള രേഖകളും വസ്ത്രങ്ങളും നേരത്തേ തന്നെ പ്രതികളിലൊരാളായ അൽഅമീന്റെ സ്ഥലമായ പാലക്കാട്ടേക്ക് കടത്തിയതായി പൊലീസ് പറയുന്നു.
തെളിവെടുപ്പിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് രേഖകൾ കടത്തിയ കാര്യം പ്രതികളായ റഫീക്ക, മകൻ ഷെഫീക്ക്, സുഹൃത്ത് അൽ അമീൻ എന്നിവർ വെളിവാക്കിയത്. റേഷൻ കാർഡ്, ആധാർ കാർഡുകൾ, പാൻ കാർഡ്, ബാങ്ക് പാസ് ബുക്കുകൾ, റഫീക്കയുടെ പാസ്പോർട്ട്, മറ്റ് ആനുകൂല്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ കഴിഞ്ഞ ദിവസം അൽഅമീനുമായി പാലക്കാട്ട് തെളിവെടുപ്പിനെത്തിയ വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെടുത്തു.
നേരത്തേ ലക്ഷദ്വീപ്, മാലദ്വീപ് എന്നിവിടങ്ങളിൽ തൊഴിലെടുത്തിരുന്ന റഫീക്കക്ക് അവിടങ്ങളിലും ബന്ധമുള്ളതായി പൊലീസ് പറയുന്നു. കൊലക്കു ശേഷം മുൻകൂട്ടിയുള്ള തീരുമാനമനുസരിച്ച് സ്വകാര്യ ബസിൽ പാലക്കാട്ടേക്ക് രക്ഷപ്പെടുന്നതിനിടെയാണ് കഴക്കൂട്ടത്തു ബസിൽനിന്ന് പ്രതികളെ പൊലീസ് പിടികൂടിയത്.
ശാന്തകുമാരിയുടെ കൊലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന തെളിവെടുപ്പും തൊണ്ടി ശേഖരണവും ചോദ്യം ചെയ്യലും ചൊവ്വാഴ്ച പൂർത്തിയായി. കോടതി 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടെങ്കിലും ഏഴു ദിവസം കൊണ്ടു തന്നെ തെളിവെടുപ്പ് പൂർത്തിയാക്കാൻ സാധിച്ചു.
ഇതോടെ, വിഴിഞ്ഞം പൊലീസ് പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രധാന പ്രതികളിലൊരാളായ അൽഅമീന് കോവിഡ് സ്ഥിരീകരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെയും വെട്ടിലാക്കി.
അൽഅമീനെയാണ് എല്ലായിടത്തെയും തെളിവെടുപ്പിനും തൊണ്ടി മുതൽ ശേഖരണത്തിനുമായി പൊലീസ് കൊണ്ടുപോയത്. ഇതുവഴി അന്വേഷണ സംഘത്തിലെ നിരവധി പൊലീസുകാർക്ക് ഇയാളുമായി നേരിട്ട് സമ്പർക്കമുണ്ടായതാണ് ആശങ്ക.
കോവളത്തെ 14കാരിയുടെ കൊലപാതകക്കേസിലെ പ്രതികൾ കൂടിയായ റഫീക്കയെയും മകൻ ഷെഫീക്കിനെയും ചോദ്യം ചെയ്യലിനായി കോവളം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തിങ്കളാഴ്ചയോടെ കൊലപാതക സംഘത്തെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചതായി കോവളം പൊലീസ് അറിയിച്ചു.
അഞ്ചു വർഷം മുമ്പ് കല്ലുവെട്ടാൻ കുഴിയിൽ നടന്ന യുവതിയുടെ മരണത്തിലെ ദുരൂഹതയുടെ കെട്ടഴിക്കുന്നതിനുള്ള ദൗത്യവും 14കാരിയുടെ മരണത്തിന്റെ അന്വേഷണചുമതലയും ഇനി കോവളം പൊലീസിന്റെ ചുമതലയിലാണ്. സി.ഐ പ്രൈജുവിനാണ് അന്വേഷണ ചുമതല. വിഴിഞ്ഞം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ നൽകിയ മൊഴികളടങ്ങിയ ഫയലുകൾ കോവളം പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.